നടിയെ ആക്രമിച്ച കേസ്: മൂന്ന് പ്രതികൾ ഹാജരായി
text_fieldsഅങ്കമാലി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾ കുറ്റപത്രം വായിച്ച് കേൾക്കാൻ അങ്കമാലി കോടതിയിൽ ഹാജരായി. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി അടക്കം ആറുപേർ കോടതിയിൽ ഹാജരായില്ല. ഷൂട്ടിങ്ങുള്ളതിനാൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാനാകില്ലെന്ന് കാണിച്ച് ദിലീപ് കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരായി കുറ്റപത്രം സ്വീകരിച്ചിരുന്നു. പൾസർസുനി അടക്കമുള്ള പ്രതികൾ റിമാൻഡിലായതിനാലാണ് കോടതിയിൽ ഹാജരാകാതിരുന്നത്.
കേസിൽ ജാമ്യം ലഭിച്ച ചാർളി, വിഷ്ണു, സനൽ എന്നിവരാണ് കോടതിയിൽ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ച് കേട്ട് കൈപ്പറ്റിയത്. നവംബർ 22ന് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചതിനെത്തുടർന്നാണ് മുഴുവൻ പ്രതികൾക്കും സമൻസ് അയച്ചത്. കേസിലെ പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും നേരേത്ത കോടതിയിൽ ഹാജരായി കുറ്റപത്രം കൈപ്പറ്റിയിരുന്നു.
അതേസമയം പൾസർ സുനി അടക്കമുള്ള പ്രതികൾ റിമാൻഡിൽ കഴിയുകയാണെന്നും, അതിനാൽ പ്രതികളുടെ അഭിഭാഷകർക്ക് കുറ്റപത്രം സ്വീകരിക്കാൻ അനുവാദം നൽകണമെന്നുള്ള ആവശ്യം കോടതി നിരാകരിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം സ്വീകരിക്കാൻ കോടതിയിൽ ഹാജരാക്കാതിരുന്നതിനെ അഭിഭാഷകർ ചോദ്യം ചെയ്തു. കേസ് മനഃപൂർവം നീട്ടിക്കൊണ്ട് പോകാനുള്ള ആസൂത്രിത നീക്കമാണിതെന്നായിരുന്നു കോടതി നടപടികൾക്കുശേഷം പുറത്തിറങ്ങിയ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനായ ടോജി മാധ്യമങ്ങളോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.