ഫോണിൽനിന്ന് കണ്ടെടുത്തത് രഹസ്യരേഖകളല്ലെന്ന് കോടതി
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ഫോണിൽനിന്ന് പിടിച്ചെടുത്ത രേഖകൾ രഹസ്യരേഖകളല്ലെന്ന് കോടതി. രേഖകൾ കണ്ടെടുത്ത പശ്ചാത്തലത്തിൽ കോടതിജീവനക്കാരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ രേഖകൾ എ-ഡയറിയുടെ പേജുകളാണെന്നും അത് രഹസ്യരേഖയല്ലെന്നും ഇവ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നവയാണെന്നും കോടതി നിരീക്ഷിച്ചു.
കണ്ടെടുത്തതായി പറയുന്ന മറ്റൊരു രേഖ 2019 ഡിസംബർ 31ലെ കോടതിയുടെ ഉത്തരവാണ്. ലൈംഗികാതിക്രമ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഛത്തിസ്ഗഢ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതിന്റെ ചെലവ് വഹിക്കാൻ ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ജഡ്ജ്മെന്റാണ് കണ്ടെടുത്തത്. ഇതും രഹസ്യരേഖയല്ല. എന്നാൽ, രഹസ്യരേഖകൾ ചോർന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടർ തുടർന്നും നിലപാടെടുത്തു. കേസിൽ ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന. കോടതിജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
അതേസമയം, ഏതെങ്കിലും രേഖ ചോർന്നാൽ അതിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട കോടതിയാണെന്ന് ജഡ്ജി വ്യക്തമാക്കി. കോടതിജീവനക്കാരെ ചോദ്യം ചെയ്യാൻ പൊലീസിന് വ്യവസ്ഥയുണ്ടോയെന്നും ഇവരെ ചോദ്യം ചെയ്യേണ്ടതിന്റെ ഉദ്ദേശ്യമെന്താണെന്നും കോടതി ചോദിച്ചു. കേസിൽ ഉൾപ്പെട്ടവരെ ദിലീപ് എങ്ങനെ സ്വാധീനിച്ചെന്ന് പരിശോധിക്കാൻ ചോദ്യം ചെയ്യൽ നിർബന്ധമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
കോടതിയിൽനിന്ന് ചോർന്ന രേഖകളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കിയ സീഡി പരിശോധിച്ചപ്പോൾ അവ പ്രോസിക്യൂഷൻ അവകാശപ്പെടുന്നപോലെ ഒറിജിനൽ രേഖയല്ലെന്നും കോപ്പികളാണെന്നും കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനോട് വിശദീകരണവും തേടി. ഹരജി മേയ് ഒമ്പതിന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ദിലീപിന് മേയ് ഒമ്പതുവരെ സമയം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.