വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തൃപ്തയല്ലെന്ന് നടി; മാറ്റാൻ ഇരയുടെ അപേക്ഷ
text_fieldsകൊച്ചി: നടി ആക്രമണ കേസിലെ വിചാരണ നടപടികൾ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വര്‍ഗീസിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടി ഹൈകോടതി രജിസ്ട്രാർക്ക് കത്തയച്ചു. ജഡ്ജി മാറുന്നില്ലെങ്കിലും കേസ് പ്രത്യേക കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ ആവശ്യമുന്നയിച്ച് നടി രജിസ്ട്രാർ ജനറലിന് ഇ-മെയിലിൽ അപേക്ഷ അയച്ചത്.
നിലവിൽ വിചാരണ നടക്കുന്ന സി.ബി.ഐ സ്പെഷൽ കോടതിയിൽ പുതിയ ജഡ്ജിയെ നിയമിച്ച് ഉത്തരവിറക്കിയതിനെ തുടർന്ന് നടി ആക്രമണ കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം. വർഗീസ് സി.ബി.ഐ പ്രത്യേക കോടതിയുടെ അധികച്ചുമതല നിർവഹിക്കുകയായിരുന്നു.
എന്നാൽ, നിലവിലെ വനിത ജഡ്ജിയുടെ കീഴിൽ നടക്കുന്ന വിചാരണയിൽ താൻ തൃപ്തയല്ലെന്ന നടിയുടെ അപേക്ഷയിൽ പറയുന്നു. ഇവിടെ വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്ന് താൻ നൽകിയ പല ഹരജികളിലുമെടുത്ത നീതിപൂർവമല്ലാത്ത തീരുമാനങ്ങളിൽനിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ സി.ബി.ഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിത ജഡ്ജിയെ കൊണ്ടോ വിചാരണ നടത്തണമെന്നാണ് ആവശ്യം.
വനിത ജഡ്ജിമാർ ലഭ്യമല്ലെങ്കിൽ പുരുഷ ജഡ്ജിയായാലും മതിയെന്നും അപേക്ഷയിൽ പറയുന്നു. അപേക്ഷ തുടർനടപടിക്കായി ജഡ്ജിമാരടങ്ങുന്ന ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് മുന്നിൽ രജിസ്ട്രാർ ജനറൽ സമർപ്പിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.