നടിയെ ആക്രമിച്ച കേസ്: ബൈജു പൗലോസിനെതിരെ സാഗർ വിന്‍സെന്റ് നൽകിയ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ സാഗര്‍ വിന്‍സെന്റ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളി. കാവ്യ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ വിന്‍സെന്‍റാണ് പൊലീസ് പീഡനമാരോപിച്ച് ഹരജി നൽകിയത്.
സാഗറിനെ അന്വേഷണ സംഘത്തിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.സാഗർ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു സാഗർ വിൻസന്‍റിന്‍റെ ആരോപണം. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് സ്റ്റേ ചെയ്യണമെന്നും സാഗർ വിന്‍സന്‍റ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്ന.
കേസിലെ മുഖ്യ സാക്ഷിയായ സാഗര്‍ നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നുപ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടതായി സാഗർ പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നീട് കോടതിയില്‍ ഇയാൾ മൊഴി മാറ്റി.
ദിലീപിന്‍റെ സ്വാധീനത്താലാണ് സാഗർ മൊഴി മാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ടെലിഫോണ്‍ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് കോടതിയിൽ ബൈജു പൗലോസ് വ്യക്തമാക്കി. ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ എത്തിച്ചാണ് സാഗറിന്‍റെ മൊഴി മാറ്റിച്ചത്. ഹോട്ടലില്‍ കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറും സാഗറും താമസിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കോടതിയിൽ അന്വേഷണ സംഘം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.