ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്
text_fieldsതിരുവനന്തപുരം: തന്നെ ആക്രമിച്ച കേസിൽ ആശങ്ക രേഖപ്പെടുത്തി നടൻ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കുന്നു. കേസിൽ അസാധാരണ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.എൻ. അനിൽകുമാർ രാജിവെച്ചതോടെയാണ് പ്രതിസന്ധിയുണ്ടായിട്ടുള്ളത്.
വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജിവെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജിവെച്ചത്. ഇത് കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടാക്കുന്നതാണെന്ന് നടി കത്തിൽ വ്യക്തമാക്കുന്നു. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നും ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. ഈ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
കേസിൽ നടൻ ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി തന്നെ രംഗത്ത് എത്തിയിട്ടുള്ളത്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽകുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.