നടിയെ ആക്രമിച്ച കേസ്: സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു, വിചാരണക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ
text_fieldsകൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ ജഡ്ജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് ഇദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു.
കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയായ എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഡീഷണൽ സ്‌പെഷ്യൽ സെഷൻസ് ജഡ്ജി ഹണി വർഗീസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവെക്കുകയായിരുന്നു.
അതേ സമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണം എന്നാണ് ആവശ്യം. ഇക്കാര്യം നാളെ കോടതി പരിഗണിക്കും.
ലൈംഗികാതിക്രമത്തിെൻറ വീഡിയോയുടെ പകർപ്പ് ദിലീപിെൻറ പക്കലുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിെൻറ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി സുനിൽ കുമാറെന്ന പൾസർ സുനിയെ നടന് നന്നായി അറിയാമായിരുന്നു. നടൻ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചതായി ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി ഹരജി നൽകിയത്. ഹരജി നൽകിയതിന് പിന്നാലെ കോടതി മുറിയിൽ നിന്ന് ഇറങ്ങിപ്പോയ പ്രോസിക്യൂട്ടർ നേരെ ഹൈകോടതിയിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷെൻറ (ഡി.ജി.പി) ഓഫിസിലേക്കാണ് പോയത്. എന്നാൽ, ഡി.ജി.പിയെ കാണാൻ കഴിഞ്ഞില്ല. പ്രോസിക്യൂട്ടർ ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിച്ചതായാണ് റിപ്പോർട്ട്.
കേസിൽ ഒമ്പത് പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കാൻ അനുമതി നിഷേധിച്ച വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ ഇതിനകം തന്നെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ, ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ ഈ വർഷം ജനുവരിയിലാണ് അനിൽകുമാർ പ്രോസിക്യൂട്ടറായി നിയമിതനായത്.
അതിനിടെ, കേസ് ആദ്യം അന്വേഷിച്ച മുൻ ഡിവൈ.എസ്.പി കെ.ജി.ബാബുകുമാറിനെ കോടതി വിസ്തരിച്ചു. ദിലീപിെൻറ അഭിഭാഷകൻ രാമൻ പിള്ളയാണ് ബാബുകുമാറിനെ ക്രോസ് വിസ്താരം നടത്തിയത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയും വൈകാതെ സാക്ഷിയായി വിസ്തരിക്കും.
2017 ഫെബ്രുവരിയിൽ തൃശൂരിൽനിന്ന് ഷൂട്ടിങ് കഴിഞ്ഞ് എറണാകുളത്തേക്ക് വരികയായിരുന്ന നടിയെ നെടുമ്പാശേരി അത്താണിക്ക് സമീപം തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്. 2020 ജനുവരിയിൽ ആരംഭിച്ച വിചാരണയിൽ ഇതുവരെ 202 സാക്ഷികളെ വിസ്തരിച്ചു. 2022 ഫെബ്രുവരിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.