ഐ.എഫ്.എഫ്.കെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന
text_fieldsതിരുവനന്തപുരം: 26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഐ.എഫ്.എഫ്.കെയിൽ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമാണ് ഏറെയുള്ളത്. മുൻവർഷങ്ങളിൽ സ്ഥിരമായി ചലച്ചിത്രോത്സവത്തിനെത്തുന്നവരെയും കന്നിക്കാരെയും കൊണ്ട് വേദികൾ നിറഞ്ഞു.
ഐ.എസ് ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം നൽകി ആദരിച്ചു. സംവിധായകൻ അനുരാഗ് കശ്യപ് ചടങ്ങിൽ മുഖ്യാതിഥിയായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു എന്നിവർ ചേർന്ന് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.
ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ 'രഹാന'യാണ് ഉദ്ഘാടന ചിത്രം. 25 വരെ നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ലക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയറ്ററുകളിലായാണ് മേള.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.
അഫ്ഗാനിസ്താന്‍, കുര്‍ദിസ്താന്‍, മ്യാന്‍മര്‍ എന്നീ സംഘര്‍ഷ ബാധിത മേഖലകളില്‍നിന്നുള്ള സിനിമകളുടെ പാക്കേജ് ആയ ഫ്രെയിമിങ് കോണ്‍ഫ്ലിക്റ്റ്, പോര്‍ച്ചുഗീസ് സംവിധായകന്‍ മിഗ്വില്‍ ഗോമസിന്‍റെ ചിത്രങ്ങള്‍ അടങ്ങിയ പാക്കേജ്, റെസ്റ്ററേഷന്‍ നടത്തിയ ക്ലാസിക് സിനിമകളുടെ പാക്കേജ്, ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ആയ ക്രിട്ടിക്സ് ചോയ്സ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, ബുദ്ധദേവ് ദാസ് ഗുപ്ത, കെ.എസ്. സേതുമാധവന്‍, ഡെന്നിസ് ജോസഫ്, പി. ബാലചന്ദ്രന്‍, ദിലീപ് കുമാര്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്നീ അന്തരിച്ച ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ചുള്ള ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്. ജി. അരവിന്ദന്‍റെ 'കുമ്മാട്ടി' എന്ന ചിത്രത്തിന്‍റെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം മേളയില്‍ നടക്കും. കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയര്‍മാന്‍.
ഭാവന അഞ്ച് വർഷത്തിന് ശേഷം മലയാളത്തിൽ
അഞ്ച് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഭാവനക്ക് സ്വീകരണമൊരുക്കി സഹപ്രവർത്തകർ. ആദിൽ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെയാണ് ഭാവന അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്നത്.
സിനിമയുടെ സെറ്റിൽ ഭാവനയെ അണിയറപ്രവർത്തകർ കേക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു വരവേറ്റത്. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മടങ്ങിവരവിൽ സ്‌നേഹം അറിയിച്ചവർക്കും സിനിമ സെറ്റിലെ സ്വീകരണത്തിനും നന്ദി പറഞ്ഞിരിക്കുകയാണ് ഭാവന.
'ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'ൽ ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ നടൻ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോൺഹോമി എൻറർടൈൻമെൻസിന്‍റെ ബാനറിൽ റെനീഷ് അബ്ദുൽ ഖാദറാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.