നടി കേസ്: തെളിവ് നശിപ്പിച്ചതിലും ദൃശ്യങ്ങൾ ചോർന്നതിലും അന്വേഷണം തുടരേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്നതിലും തെളിവ് നശിപ്പിച്ചതിലും അന്വേഷണം തുടരേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്. പ്രതി ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണവും അവസാനിപ്പിച്ചിട്ടില്ല. വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. 1500ലധികം പേജുള്ളതാണ് അനുബന്ധ കുറ്റപത്രം.
കേസിൽ നൂറിലധികം സാക്ഷികളാണുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളായിരുന്ന കാവ്യ മാധവൻ, മഞ്ജു വാര്യർ, നടൻ സിദ്ദീഖ് തുടങ്ങിയവർ തുടരന്വേഷണത്തിലും സാക്ഷിപ്പട്ടികയിലുണ്ടെന്നാണ് വിവരം. ദിലീപിന്‍റെ ഫോണിൽനിന്നുള്ള നിർണായക തെളിവുകൾ നശിപ്പിച്ചത് അഭിഭാഷകരുടെ സഹായത്തോടെയാണെന്ന വിലയിരുത്തലുള്ളതിനാൽ അവർക്കെതിരായ അന്വേഷണം തുടരേണ്ടതുണ്ട്. മുംബൈയിലെ ലാബിൽ എത്തിച്ച ദിലീപിന്‍റെ ഫോണുകളിൽനിന്ന് തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തെളിവ് നശിപ്പിച്ചത് അഭിഭാഷകരുടെ ആവശ്യപ്രകാരമാണെന്ന് ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. കോടതികളുടെ കസ്റ്റഡിയിലിരിക്കെ, നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിലെ ഡിജിറ്റൽ ഘടന (ഹാഷ് വാല്യു) മാറിയതുമായി ബന്ധപ്പെട്ട അന്വേഷണവും പൂർത്തീകരിച്ചിട്ടില്ല. അന്വേഷണം തുടർന്നാൽ മാത്രമേ ഇതിലൊക്കെ കൃത്യമായ പൂർത്തീകരണമുണ്ടാകൂ എന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
അതേസമയം, അന്വേഷണം നടത്തണമെങ്കിൽ കോടതിയുടെ അനുമതി തേടേണ്ടിവരും. കേസിലെ തുടർനടപടികൾ 27ന് പരിഗണിക്കാൻ വിചാരണക്കോടതി മാറ്റിയിരിക്കുകയാണ്.
വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈകോടതിയും നിർദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടാലും കൂടുതൽ അന്വേഷണത്തിന് സമയം അനുവദിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.