നടി കേസ്: മെമ്മറി കാർഡ് പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്താനാവുമോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്തുന്നത് സംബന്ധിച്ച് ഹൈകോടതി സർക്കാറിന്‍റെ നിലപാട് തേടി. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് നൽകണമെന്ന ആവശ്യം നിരസിച്ച വിചാരണ കോടതി നടപടിക്കെതിരെ സർക്കാർ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്താനാവുമോയെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആരാഞ്ഞത്. തുടർന്ന് ഹരജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കാനായി മാറ്റി.
ഹരജി പരിഗണിക്കവെ മെമ്മറി കാർഡിന്റെ പരിശോധനകേന്ദ്ര ഫോറൻസിക് ലാബിൽ നടത്തണമെന്ന് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനാണ് ആവശ്യപ്പെട്ടത്. സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ഇരയായ നടിയുടെ അഭിഭാഷകയും ഇതിനെ എതിർത്തു. മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയക്കുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല കേന്ദ്രത്തിന് കൈമാറുന്നതിന് തുല്യമാണെന്നും ഈ ആവശ്യം അനുവദിച്ചാൽ കേസിലെ തുടരന്വേഷണം പ്രതിഭാഗം നയിക്കുന്നതിന് തുല്യമാകുമെന്നുമായിരുന്നു സർക്കാർ വാദം.
എന്നാൽ, മെമ്മറി കാർഡിന്റെ പകർപ്പെടുക്കാൻ ഫോറൻസിക് ലാബിൽ നൽകിയപ്പോഴാണ് ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. പകർപ്പെടുക്കാൻ നൽകിയ കാർഡിന്റെ ഹാഷ് വാല്യു പരിശോധിച്ചതെന്തിനെന്നും ഹാഷ് വാല്യുവിൽ മാറ്റമുണ്ടെന്ന് റിപ്പോർട്ടുള്ളപ്പോൾ വീണ്ടും പരിശോധന നടത്തുന്നത് എന്തിനാണെന്നും ചോദിച്ച കോടതി പ്രോസിക്യൂഷൻ അന്വേഷണസംഘത്തിന്റെ വക്താവായി മാറരുതെന്നും അഭിപ്രായപ്പെട്ടു.
മെമ്മറി കാർഡിന്റെ പകർപ്പെടുക്കുമ്പോൾ ഹാഷ് വാല്യു പരിശോധിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും അതിന്റെ റിപ്പോർട്ട് കോടതിക്ക് നൽകിയിരുന്നെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ, ഇങ്ങനെയൊരു റിപ്പോർട്ടുണ്ടെന്ന് വിചാരണ കോടതി അറിയിച്ചില്ലെന്ന പ്രോസിക്യൂഷന്റെ നിലപാട് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ രേഖകളും പരിശോധിച്ച് വിവരം പ്രോസിക്യൂഷനെ അറിയിക്കേണ്ട ബാധ്യതയോ ചട്ടമോ നടപടിക്രമമോ കോടതിക്കില്ല. കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയിട്ടുണ്ടെങ്കിൽപോലും പൊലീസിന് അന്വേഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എന്നാൽ, ഹാഷ് വാല്യുവിൽ മാറ്റംവരുത്തിയ വ്യക്തിയെ കണ്ടെത്താനല്ല, ഇതുമൂലം എന്ത് സംഭവിക്കുമെന്ന് കണ്ടെത്താനാണ് പരിശോധന ആവശ്യപ്പെടുന്നതെന്നായിരുന്നു സർക്കാറിന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.