അശ്ലീല അധിക്ഷേപം: ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്
text_fieldsകൊച്ചി: സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ബോബി ഗ്രൂപ് ഉടമ ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്. നടി തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രമുഖ വ്യക്തിയിൽനിന്ന് കുറേനാളായി നേരിടുന്ന അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ നടി കഴിഞ്ഞദിവസം കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. എന്നാൽ, അപമാനിച്ചയാളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
ഈ പോസ്റ്റിന് താഴെ അശ്ലീല കമൻറുകളിട്ടവർക്കെതിരെ അവർ പരാതിയും നൽകി. തുടർന്ന് 30 പേർക്കെതിരെ കേസെടുത്ത പൊലീസ് കുമ്പളം സ്വദേശിയെ പിടികൂടുകയും ചെയ്തിരുന്നു. കേസിൽ മൊഴി നൽകാൻ ചൊവ്വാഴ്ച രാവിലെ അവർ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
ഈ സമയത്താണ് ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതെന്നാണ് സൂചന. വൈകീട്ട് അഞ്ചോടെ സമൂഹമാധ്യമത്തിൽ നടി തന്നെയാണ് പരാതി നൽകിയ വിവരം പുറത്തുവിട്ടത്. ബോബി ചെമ്മണൂരിനോട് താങ്കൾ പണത്തിന്‍റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നും അവർ കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.