Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവിയൂർ പൊന്നമ്മ...

കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ അമ്മ മുഖം

text_fields
bookmark_border
Kaviyoor Ponnamma, film star, health condition
cancel

കൊച്ചി: ​അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ്​ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു അവർ​. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന്​ വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.

കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ നാളെ വൈകിട്ട് നാലു മണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ നടക്കും. നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ കളമശ്ശേരി മുനിസിപ്പിൽ ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലോടെ ആലുവയിലെ വീട്ടുവളപ്പിൽ സംസ്കാര ചങ്ങുകൾ നടക്കും.

ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ (1971, 1972, 1973, 1994) ലഭിച്ചിട്ടുണ്ട്. 'മേഘതീർഥം' എന്ന സിനിമ നിർമിച്ചു. എട്ട് സിനിമകളിൽ പാടിയ പൊന്നമ്മ, 25ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6നാണ് പൊന്നമ്മയുടെ ജനനം. കവിയൂർ പൊന്നമ്മക്ക് ഒരു വയസ്സുള്ളപ്പോൾ സ്വദേശമായ കവിയൂരിൽ നിന്ന് കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക് താമസം മാറി. അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ സംഗീത താൽപര്യത്താൽ കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിച്ചു.

എം.എസ്. സുബ്ബലക്ഷ്മിയെ പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. 12 വയസുള്ളപ്പോൾ സംഗീത സംവിധായകൻ ജി. ദേവരാജൻ നാടകത്തിൽ പാടാനായി ക്ഷണിച്ചു. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യം പാടിയത്. ‘മൂലധന’ത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്തെ തുടർന്ന് നാടകത്തിലെ നായികയായി.

പിന്നെ കെ.പി.എ.സിയിലെ പ്രധാന നടിയായി മാറി. പൊന്നമ്മ പ്രതിഭ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടി. 14ാം വയസിൽ കാളിദാസ കലാകേന്ദ്രത്തിലെ നൃത്താധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തെ തുടർന്നാണ് സിനിമയിൽ അഭിനയിച്ചത്. മെറിലാൻഡിന്‍റെ ‘ശ്രീരാമപട്ടാഭിഷേകം’ എന്ന സിനിമയിൽ മണ്ഡോദരിയുടെ വേഷമായിരുന്നു അത്.

ആദ്യമായി നായിക വേഷത്തിലെത്തിയ 'റോസി'യുടെ നിർമാതാവായ മണിസ്വാമി സിനിമ സെറ്റിൽവച്ചാണ് വിവാഹഭ്യർന നടത്തി. 1969ൽ ഇരുവരും വിവാഹിതരായി. മകൾ ജനിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം മണിസ്വാമിയും പൊന്നമ്മയും വേർപിരിഞ്ഞു. എന്നാൽ, വാർധക്യത്തിൽ മണിസ്വാമി രോഗബാധിതനാവുകയും 2011ൽ മരണം സംഭവിക്കും വരെ അദ്ദേഹത്തെ പരിചരിച്ചത് പൊന്നമ്മയാണ്.

പി.എൻ. മേനോൻ, വിൻസെന്റ്, എം.ടി. വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങി മലയാളത്തിലെ ഒന്നാംനിര സംവിധായകരുടെ സിനിമകളിൽ വേഷമിട്ടു. 'കുടുംബിനി' എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മ വേഷത്തിൽ അഭിനിയിച്ചത്. സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മയായി വെള്ളിത്തിരയിലെത്തി.

അമ്മയായും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ വ്യത്യസ്തമാർന്ന വേഷങ്ങളിൽ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. 'തൊമ്മന്റെ മക്കൾ' എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മയായത്. തീർഥയാത്ര, നിർമാല്യം, നെല്ല്, അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, അവളുടെ രാവുകൾ, കൊടിയേറ്റം, കരിമ്പന, നിഴലാട്ടം, തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, ബാബാ കല്യാണി, വടക്കുനാഥൻ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചു. 'ആണും പെണ്ണു'മായിരുന്നു അവസാനം അഭിനയിച്ച സിനിമ.

അന്തരിച്ച നടി കവിയൂർ രേണുക അടക്കം ആറു സഹോദരങ്ങളുണ്ട്. സിനിമ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaviyoor Ponnammafilm starmalayalam moviesbreaking news
News Summary - Actress Kaviyoor Ponnamma Passed away
Next Story