ആക്രമിക്കപ്പെട്ട നടിയുടെ ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ നടി നൽകിയ ഹരജിയിൽ വിശദീകരണത്തിന് ഹൈകോടതി കൂടുതൽ സമയം തേടി. വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോൾ കൂടുതൽ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് ആവശ്യപ്പെട്ടത്. ആവശ്യം അനുവദിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
വിചാരണ കോടതിയെയും സർക്കാറിനെയും കുറ്റപ്പെടുത്തിയാണ് നടിയുടെ ഹരജി. പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകരടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നില്ലെന്നും ആദ്യം സമർഥരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ച സർക്കാർ പിന്നീട് ഇതിൽനിന്ന് പിൻവാങ്ങിയെന്നും ആരോപിച്ചിട്ടുണ്ട്.
തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത ഭരണ -രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. കോടതിയിലുള്ള മെമ്മറി കാർഡിൽനിന്ന് ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഫോറൻസിക് പരിശോധനക്ക് വിടണമെന്ന ആവശ്യം അനുവദിച്ചില്ലെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
മൂന്ന് മാസം കൂടി ആവശ്യപ്പെട്ട് സർക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി സാവകാശം തേടി സർക്കാർ ഹൈകോടതിയിൽ. നേരത്തേ അനുവദിച്ച സമയം മേയ് 31ന് അവസാനിക്കും. കേസിൽ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനയും കൂടുതൽ സാക്ഷികളുടെ ചോദ്യം ചെയ്യലും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണിൽനിന്ന് ശേഖരിച്ച തെളിവുകൾ പരിശോധിച്ച് വരുന്നതേയുള്ളൂ. മെമ്മറികാർഡ് ഫോറൻസിക് പരിശോധനക്ക് നൽകണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നതായും ഹരജിയിൽ പറയുന്നു.
കൂറുമാറിയ ആൾ രഹസ്യമൊഴി നൽകി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാവ്യ മാധവനും ബന്ധുക്കളും ചേർന്ന് നടത്തുന്ന വസ്ത്രാലങ്കാര ശാലയായ 'ലക്ഷ്യ'യിലെ മുൻ ജീവനക്കാരൻ ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.