നടി രഞ്ജിനിയുടെയും നിർമാതാവിന്‍റെയും തിരക്കിട്ട ശ്രമങ്ങൾ ഫലം കണ്ടില്ല
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ നടി രഞ്ജിനിയും നിർമാതാവ് സജി പാറയിലും നിയമവഴിയിലൂടെ നടത്തിയ അവസാനവട്ട ശ്രമങ്ങൾ ഫലംകണ്ടില്ല. സിംഗിൾ ബെഞ്ചിൽ ഹരജി നൽകുകയോ കക്ഷിയാവുകയോ ചെയ്യാതെ രഞ്ജിനി നേരിട്ട് അപ്പീൽ നൽകിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് ഹരജി തള്ളുകയായിരുന്നു.
കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ വ്യക്തിയെന്ന നിലയിൽ തന്നെക്കൂടി കേൾക്കാതെ റിപ്പോർട്ട് പുറത്തുവിടരുതെന്നായിരുന്നു രഞ്ജിനിയുടെ ഹരജിയിലെ ആവശ്യം. തിങ്കളാഴ്ച രാവിലെ ഇത് ആദ്യ കേസായി പരിഗണിക്കാൻ കോടതി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. സ്റ്റേ ആവശ്യം അനുവദിച്ചില്ലെങ്കിലും ഹരജി നിലനിൽക്കുമോയെന്ന കാര്യം പരിശോധിക്കാൻ തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
അതേസമയം, റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനിടയാക്കിയ ഹരജി നൽകിയ നിർമാതാവ് സജി പാറയിൽ തിങ്കളാഴ്ചതന്നെ അപ്പീലുമായി കോടതിയെ സമീപിച്ചു. സജി പാറയിലിന്‍റെ ഹരജി തള്ളിയതിന്മേലാണ് രഞ്ജിനി അപ്പീലുമായി വന്നത്. സജിമോൻ പാറയിലിന്‍റെ അപ്പീൽ ഹരജിയിൽ ഉച്ചക്ക് 12.15 വരെ അഭിഭാഷകർ സാവകാശം തേടി.
തുടർന്ന് സജിമോന്റെ അപ്പീൽ ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കുന്നതിന് സാവകാശം ലഭിക്കാൻ ആഗസ്റ്റ് 21 വരെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഉടന്‍ ഹരജി ഫയല്‍ ചെയ്യാനും ഇന്നുതന്നെ സിംഗിള്‍ ബെഞ്ചിന്റെ മുന്നില്‍ ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിക്ക് നിർദേശം നല്‍കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഇതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് 2.30ന് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചു. കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിൽ ഹരജി ഫയല്‍ ചെയ്യുന്ന കാര്യം രഞ്ജിനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഹരജി പരിഗണിക്കാമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, റിപ്പോര്‍ട്ട് 2.30ന് പുറത്തുവിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജി പരിഗണിക്കുന്നതുവരെ അത് തടയണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
പിന്നീട് മൂന്നരയോടെയാണ് രഞ്ജിനിയുടെ ഹരജി കോടതി പരിഗണിച്ചത്. റിപ്പോർട്ട് കുറച്ചുമുമ്പ് പുറത്തുവന്ന കാര്യം കോടതിയിൽ അഭിഭാഷകർ അറിയിച്ചു. സ്വകാര്യത ഉറപ്പാക്കുമെന്ന് വിവരാവകാശ കമീഷൻ ഉറപ്പുനൽകിയതാണല്ലോയെന്ന് അഭിപ്രായപ്പെട്ട കോടതി, ഹരജി വീണ്ടും 27ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.