നടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും
text_fieldsകൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിലായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ഒമ്പതിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇന്നലെ വിട്ടയച്ചത്.
39 ദിവസം നീണ്ട വിദേശവാസത്തിനൊടുവിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തിയ വിജയ് ബാബു പൊലീസിന് മുന്നിൽ ഹാജരായി. ബുധനാഴ്ച രാവിലെ 11 മുതലാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ രാത്രിയാണ് അവസാനിച്ചത്.
ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിജയ് ബാബു നേരെ ആലുവയിലെ ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് പോയത്. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു പൊലീസിന് മൊഴി നൽകി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു പരാതിക്കാരിയുമായുണ്ടായതെന്നും വിദേശത്തേക്ക് കടക്കാൻ ആരും സഹായിച്ചിട്ടില്ലെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നാട്ടിലെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ പൊലീസ് സംഘം അനുഗമിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ 26നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസിൽ ഇതുസംബന്ധിച്ച് അവർ പരാതിയും നൽകി. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തൽ ഇങ്ങനെ രണ്ട് കേസാണ് വിജയ് ബാബുവിനെതിരെയുള്ളത്.
വിദേശത്തുള്ള പ്രതിയെ പിടികൂടാൻ റെഡ് കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. ബംഗളൂരു വഴിയായിരുന്നു ഇയാൾ ദുബൈയിലേക്ക് കടന്നത്. പാസ്പോർട്ട് പൊലീസ് റദ്ദാക്കുമെന്ന ഘട്ടമെത്തിയപ്പോൾ ദുബൈയിൽനിന്ന് ജോർജിയയിലേക്ക് കടന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യമാണ് ജോർജിയ. ഇതോടെയാണ് പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഈ ഘട്ടത്തിൽ താൻ പൊലീസിന് മുന്നിൽ ഹാജരാകാമെന്ന് വ്യക്തമാക്കി വിജയ് ബാബു ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജിയുമായി എത്തുകയായിരുന്നു. പൊലീസിന് വിജയ് ബാബുവിനെ കണ്ടെത്താൻ കഴിയാതിരുന്നത് കോടതിയിൽ വിമർശനത്തിന് വിധേയമായി. വ്യാഴാഴ്ച വരെ കോടതി വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെയാണ് വിജയ് ബാബു തിരിച്ചെത്തിയത്. പൊലീസിന് പ്രതിയെ ചോദ്യം ചെയ്യാമെങ്കിലും കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യാനാകില്ല. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്ന് വിമാനത്താവളത്തിലെത്തിയ വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും ഇയാൾ കൂട്ടിച്ചേർത്തു. കേസ് വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.