തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് യുവ സൂപ്പർസ്റ്റാർ കടന്നു പിടിച്ചു; ഗുരുതര ആരോപണവുമായി നടി
text_fieldsഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല നടിമാരും നേരിട്ട അതിക്രമങ്ങൾ പുറത്തുവരികയാണ്. റിപ്പോർട്ടിനോട് പ്രതികരിക്കവെയാണ് ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകൻ രഞ്ജിത്തിനും നടി രേവതി സമ്പത്ത് നടൻ സിദ്ദിഖിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നത്. ആരോപണത്തിന് പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും സിദ്ദിഖ് താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവെച്ചു.
മലയാള സിനിമയിലെ യുവനടനിൽ നേരിട്ട അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സോണിയ മൽഹാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവമെന്നും നടി പറഞ്ഞു. തൊടുപുഴയിൽ ചിത്രീകരണം നടന്ന സിനിമയിൽ ഓഫിസ് സ്റ്റാഫിന്റെ റോൾ ആയിരുന്നു. ലൊക്കേഷനിൽ എത്തിയപ്പോൾ കോസ്റ്റ്യൂം തന്നു. ഒരു ഫാം പോലുള്ള സ്ഥലത്തായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. ടോയ്‍ലറ്റിൽ പോയി തിരിച്ചുവരുമ്പോഴാണ് യുവനടൻ കടന്നുപിടിച്ചത്. അയാളെ മുൻപരിചയം പോലുമില്ല. ആദ്യമായി അഭിനയിക്കാനെത്തിയതായിരുന്നു താനെന്നും നടന്റെ പെരുമാറ്റത്തിൽ പകച്ചുപോയെന്നും സോണിയ പറഞ്ഞു.
ലൊക്കേഷനിലെത്തിയപ്പോൾ സംവിധായകനാണ് സിനിമയുടെ ഹീറോ എന്ന് പറഞ്ഞ് അയാളെ പരിചയപ്പെടുത്തിയത്. സിനിമയിൽ ആരാധനയോടെ കണ്ടിരുന്ന ആളാണ് ഇത്തരത്തിൽ മോശമായി പെരുമാറിയത്.
അന്നയാൾ ബലമായി പിടിച്ചുവെച്ചപ്പോൾ തള്ളി മാറ്റി കരഞ്ഞപ്പോൾ അയാൾക്ക് എന്നെ ഇഷ്ടമാണ് എന്ന് മറുപടി പറഞ്ഞു. അക്കാലത്ത് സാമൂഹിക രംഗത്ത് സജീവമായിരുന്നു. അതാണ് തന്നെ ഇഷ്ടപ്പെടാൻ കാരണമെന്ന് നടൻ പറഞ്ഞതായും സോണിയ പറഞ്ഞു. തന്നെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ നടൻ അവിടെ വെച്ച് പ്രൊപ്പോസ് ചെയ്യുന്നത് പോലെ പെരുമാറുകയും ചെയ്തുവെന്നും നടി ആരോപിച്ചു. എന്നാൽ അതിനെ എതിർത്താണ് സംസാരിച്ചത്. ഫോൺ നമ്പർ ചോദിച്ചെങ്കിലും കൊടുത്തില്ല. വീട്ടിലെത്തി ഭർത്താവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു. നാലുദിവസം ഷൂട്ടിങ്ങിന് പോയി. നടന്ന സംഭവത്തിൽ പിന്നീട് യുവനടൻ മാപ്പു പറഞ്ഞെന്നും സോണിയ വെളിപ്പെടുത്തി.
ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ തുടങ്ങിയ കാലത്ത് മലയാളത്തിലെ ഹാസ്യനടന്റെയും യുവ നടന്റെയും ഭാഗത്ത്നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ തുറന്നു പറഞ്ഞു. അക്കാലത്ത് ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താൽപര്യം മൂലമാണ് അഭിനയിക്കാൻ പോയത്.
ഇത്തരം കാര്യങ്ങൾ എതിർത്തതിന്റെ പേരിൽ നിരവധി സിനിമകൾ നഷ്ടപ്പെട്ടു. സിനിമയിലെ പെൺകുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ അഭിനയിച്ച് വീട്ടിൽ തിരിച്ചുപോരാനുള്ള സാഹചര്യമുണ്ടാകണം.
എളുപ്പം പെൺകുട്ടികളെ ചൂഷണം ചെയ്യാം എന്ന ആളുകളുടെ ധാരണ മാറണം എന്നതുകൊണ്ടാണ് ഇപ്പോൾ ഇതെ കുറിച്ച് വെളിപ്പെടുത്തിയതെന്നും നടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.