നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ഫോറൻസിക് പരിശോധന ആവശ്യം തള്ളിയതിനെതിരെ സർക്കാറിന്‍റെ ഹരജി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് കണ്ടെത്താൻ ഫോറൻസിക് പരിശോധന നിരസിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈകോടതിയിൽ. അന്വേഷണ ഭാഗമായി ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യമുന്നയിച്ച് നൽകിയ അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരെയാണ് ഹരജി.
മെമ്മറി കാർഡ് അനധികൃതമായി ഒട്ടേറെ തവണ കൈകാര്യം ചെയ്തിട്ടുണ്ടാകാമെന്നും ഇത് അന്വേഷിക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലാണെന്നും ഹരജിയിൽ പറയുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടക്കുന്ന തുടരന്വേഷണത്തിൽ മെമ്മറി കാർഡിന്റെ പരിശോധന അനിവാര്യമായതിനാൽ ഫോറൻസിക് പരിശോധനക്ക് അനുമതിതേടി ഏപ്രിൽ നാലിന് എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയതായി ഹരജിയിൽ പറയുന്നു. എന്നാൽ, ഈ ആവശ്യം മേയ് ഒമ്പതിന് തള്ളി. മേയ് 26നാണ് അപേക്ഷ തള്ളിയ വിവരം പ്രോസിക്യൂഷൻ അറിഞ്ഞത്. ദിലീപ് ആവശ്യപ്പെട്ടതിനെ തുടർന്ന് സുപ്രീംകോടതിയുടെ നിർദേശപ്രകാരം ചണ്ഡിഗഡിലെ ലാബിൽ പരിശോധനക്ക് നൽകാനായി 2020 ജനുവരി പത്തിന് മെമ്മറി കാർഡിന്റെ പകർപ്പ് എടുത്തിരുന്നു. ഈ ഘട്ടത്തിലാണ് കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും വിഡിയോ ദൃശ്യങ്ങൾ 2018 ഡിസംബർ 13ന് അനധികൃതമായി ആരോ പരിശോധിച്ചെന്നും വ്യക്തമായത്. ഇക്കാര്യം വ്യക്തമാക്കി 2020 ജനുവരി 29ന് വിചാരണക്കോടതിക്ക് റിപ്പോർട്ട് നൽകി.
എന്നാൽ, കഴിഞ്ഞ ഫെബ്രുവരിവരെ ഇക്കാര്യം കോടതി പ്രോസിക്യൂഷനെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ അറിയിച്ചില്ലെന്നും കേസിന്റെ തുടരന്വേഷണത്തിലാണ് ഇത് അറിഞ്ഞതെന്നും ഹരജിയിൽ ആരോപിക്കുന്നു. മെമ്മറി കാർഡിൽ വ്യത്യാസം സംഭവിച്ചത് കണ്ടെത്തിയില്ലെങ്കിൽ ഇതിന്റെ ആനുകൂല്യം പ്രതികൾക്ക് ലഭിക്കുമെന്നും അതിനാൽ അനുമതി നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.
എ.ഡി.ജി.പി ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹരജി തീർപ്പാക്കി
കൊച്ചി: നടി ആക്രമണ കേസിന്‍റെ തുടരന്വേഷണ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹരജി ഹൈകോടതി തീർപ്പാക്കി. സർവിസ് വിഷയം പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യം ചെയ്യാനാവില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജിയിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി തീർപ്പാക്കുകയായിരുന്നു.
ശ്രീജിത്തിനെ മാറ്റി ഷേഖ് ദർവേഷ് സാഹിബിനെ നിയോഗിച്ച് ഏപ്രിൽ 22ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർനാഷനൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കര നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനെ പാതിവഴിയിൽ മാറ്റുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വാദം. കേരള പൊലീസ് ആക്ടിലെ സെക്ഷൻ 97 പ്രകാരം രണ്ടു വർഷമെങ്കിലും ഉദ്യോഗസ്ഥനെ ഒരു പദവിയിൽ തുടരാൻ അനുവദിക്കണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, കേരള പൊലീസ് ആക്ടിലെ ഈ വ്യവസ്ഥ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടച്ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നതിന് ബാധകമല്ലെന്നും സ്ഥലംമാറ്റം സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും വ്യക്തമാക്കി സർക്കാർ വിശദീകരണം നൽകി. ഇതുകൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.