അംഗൻവാടിയിലെ സേവനങ്ങൾക്കും ആധാർ നിർബന്ധം
text_fieldsതൃശൂർ: ആധാർ ഇല്ലെങ്കിൽ കുഞ്ഞുങ്ങൾക്കും രക്ഷയില്ല. അംഗൻവാടിയിലെ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി. കുഞ്ഞുങ്ങളടക്കം എല്ലാ അംഗൻവാടി ഗുണഭോക്താക്കളുടെയും ആധാർ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫണ്ട് കുറയുമെന്നാണ് കേന്ദ്രസർക്കാറിെൻറ നിലപാട്. നിശ്ചിത സമയത്തിനുള്ളിൽ റാപ്പിഡ് റിപ്പോർട്ടിങ് സിസ്റ്റത്തിൽ (ആർ.ആർ.എസ്) ഗുണഭോക്താക്കളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യണമെന്നാണ് നിർദേശം. ഐ.സി.ഡി.എസ് പദ്ധതിയിൽ പ്രവർത്തിക്കുന്ന അംഗൻവാടികളിലേക്കുള്ള കേന്ദ്ര ഫണ്ടിൽ കുറവുവരാതിരിക്കാൻ ആധാർ ചേർക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ.
അംഗൻവാടി ഗുണഭോക്താക്കളായ ആറു വയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരുടെ ആധാറാണ് ആർ.ആർ.എസിൽ അപ്ലോഡ് ചെയ്യേണ്ടത്. വിവര ശേഖരണത്തിനായി സമൂഹിക നീതി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അംഗൻവാടിയിലെത്തുന്ന ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഇൗ മാസം 10നകം ശേഖരിച്ച് 25നകം അപ്ലോഡ്് ചെയ്യാനാണ് നിർദേശം.
ആധാർ ഇല്ലാത്തവരെ പുതുതായി അത് എടുപ്പിച്ച് 25നകം അപ്ലോഡ് ചെയ്യണം. ഇത്തരത്തിൽ മുഴുവൻ പ്രവർത്തനവും കഴിഞ്ഞെന്ന് ഉറപ്പുവരുത്തി 30നകം ജില്ല പ്രോഗ്രാം ഓഫിസർമാർ ഡയറക്ടറേറ്റിൽ റിപ്പോർട്ട് നൽകണം. ആധാർ ലിങ്ക് ചെയ്യുന്നതിനായി ഓഫിസുകളിലെ കംപ്യൂട്ടർ പര്യാപ്തമെല്ലങ്കിൽ അംഗൻവാടി െഫ്ലക്സ് ഫണ്ടിൽനിന്ന് തുക ചെലവഴിക്കാനും അനുമതി നൽകി. ജില്ലതല അവലോകന യോഗങ്ങളിൽ ആദ്യത്തെ അജണ്ടയായി ഉൾപ്പെടുത്തി പ്രവർത്തനം പൂർത്തിയാക്കാനുള്ള നടപടിയെടുക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ആധാർ ലിങ്ക് ചെയ്ത ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് മാത്രമാണ് കേന്ദ്ര ഫണ്ട് ലഭിക്കുന്നത്. ആധാർ നൽകുന്നതിലെ വീഴ്ചമൂലം കേന്ദ്ര ഫണ്ടിൽ കുറവ് വന്നാൽ ഉദ്യോഗസ്ഥർക്കെല്ലാം തുല്യബാധ്യത ഉണ്ടാകുമെന്ന മുന്നറിയിപ്പും ഡയറക്ടറേറ്റ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.