ഗതാഗതമന്ത്രിയുടെ അദാലത്ത്; പരാതിയുമായി മന്ത്രിമാർ
text_fieldsതൃശൂർ: ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിലും പരാതികളിലും തീർപ്പ്കൽപ്പിക്കാനായി ഗതാഗതമന്ത്രി നേരിട്ട് നടത്തിയ വാഹന അദാലത്തിൽ പരാതിയുമായി മന്ത്രിമാർ. ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾക്ക് സൗകര്യമൊരുക്കണമെന്ന് മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടപ്പോൾ, നിയമനടപടികളുടെ ഭാഗമായി പിടിച്ചെടുത്ത് വഴിയോരത്ത് ഗതാഗതം തടസ്സപ്പെടുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ നടപടി വേണമെന്നായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്റെ പരാതി.
അയ്യന്തോൾ കോസ്റ്റ്ഫോർഡിലായിരുന്നു അദാലത്ത്. ഭിന്നശേഷിക്കാരുടെ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് ഗതാഗതമന്ത്രി വേദിയിൽതന്നെ അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍തന്നെ ഇത്തരം 25ലേറെ അപേക്ഷകരുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെല്ലാം സൗകര്യപ്പെട്ട സ്ഥലത്തുവെച്ച് ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അല്ലെങ്കിൽ അവരുടെ അടുത്ത് ഉദ്യോഗസ്ഥരെത്തുമെന്നും മന്ത്രി പറഞ്ഞു.
കേസുകളുടെയും മറ്റ് നിയമ നടപടികളുടെയും ഭാഗമായി പിടിച്ചിട്ട വാഹനങ്ങളുടെ കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് മന്ത്രി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ട ഈ വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനൊപ്പം ഇഴജന്തുക്കളുടെ താവളങ്ങളായി മാറിയിട്ടുമുണ്ട്.
നടപടിക്രമങ്ങളും നൂലാമാലകളും ഏറെ ഉണ്ടാവാമെങ്കിലും വിവിധ വകുപ്പുകള്‍ സംയുക്തമായി ഈ വിപത്തിന് പരിഹാരം കാണാന്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഈ പരാതിക്ക് മന്ത്രി മറുപടി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.