അടാട്ട് ഫാർമേഴ്സ് സഹ.ബാങ്ക് ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് നിർദേശം
text_fieldsതിരുവനന്തപുരം: തൃശൂർ ജില്ലയിലെ അടാട്ട് ഫാർമേഴ്സ് സഹകരണബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ബാങ്ക് മുൻ പ്രസിഡൻറ് എം.വി. രാജേന്ദ്രൻ, ഭരണസമിതി അംഗമായിരുന്ന അനിൽ അക്കര എം.എൽ.എ എന്നിവർക്കെതിരെയാണ് അന്വേഷണം. മുൻ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണെൻറ അടുത്ത ബന്ധുവാണ് രാജേന്ദ്രൻ. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് രൂപവത്കരിച്ച ഭരണസമിതിയെ പിരിച്ചുവിടുകയും ഇതിനെതിരെ അനിൽ അക്കര നിരാഹാരസമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പിണറായി മന്ത്രിസഭയിൽ സഹകരണവകുപ്പിെൻറ ചുമതലയുണ്ടായിരുന്ന മന്ത്രി എ.സി. മൊയ്തീനെതിരെ അനിൽ അക്കര കഴിഞ്ഞദിവസം വിജിലൻസിൽ പരാതി നൽകിയിരുന്നു. മൊയ്തീൻ സഹകരണമന്ത്രിയായിരിക്കെ സഹകരണമേഖലയിൽ ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ചായിരുന്നു പരാതി. മൊയ്തീെൻറ സമ്മർദപ്രകാരം തൃശൂർ ജില്ലയിലെ സഹകരണബാങ്കുകളെ പ്രത്യേകിച്ച് അടാട്ട് ഫാർമേഴ്സ് സഹകരണബാങ്ക് സമിതിയെ സമ്മർദത്തിലാക്കി 50 കോടി രൂപ കൺസ്യൂമർഫെഡിന് ലഭ്യമാക്കിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇതിനുപിന്നിൽ ക്രമക്കേടുകളുണ്ടെന്നും അഴിമതിനിരോധന നിയമപ്രകാരം മൊയ്തീനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
സഹകരണ രജിസ്ട്രാർ എസ്. ലളിതാംബിക, കൺസ്യൂമർഫെഡ് കൺവീനർ എം. മെഹബൂബ്, അംഗങ്ങളായ പി.എം. ഇസ്മാഈൽ, കെ.വി. കൃഷ്ണൻ, കൺസ്യൂമർ ഫെഡ് എം.ഡി. ഡോ. എം. രാമനുണ്ണി, അടാട്ട് ഫാർമേഴ്സ് ബാങ്ക് എം.ഡി, പുറനാട്ടുകര ബ്രാഞ്ച് മാനേജർ എന്നിവർക്കെതിരെയും അന്വേഷണം വേണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടിരുന്നു. ഇതിൽ വിജിലൻസ് പ്രാഥമികപരിശോധന നടത്താനിരിക്കെയാണ് എം.എൽ.എക്കെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, മൊയ്തീനെതിരെ പരാതി നൽകിയതിലുള്ള വിരോധമാണ് തനിക്കെതിരായ നീക്കമെന്ന് അനിൽ അക്കര പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.