ലോ കോളജുകളിൽ അധിക ബാച്ചുകൾ തുടങ്ങും; 240 സീറ്റ് വർധിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗവ. ലോ കോളജുകളിൽ അധിക ബാച്ചുകൾ തുടങ്ങി സീറ്റുകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ഒരു ബാച്ചിൽ പരമാവധി സീറ്റുകളുടെ എണ്ണം 60 ആക്കി കഴിഞ്ഞ ദിവസം ബാർ കൗൺസിൽ കുറച്ചിരുന്നു. ഇതുവഴി കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലായി മൊത്തം 240 സീറ്റുകൾ കുറയുന്ന സ്ഥിതി സംജാതമായിരുന്നു. ഇതിനെ മറികടക്കാനാണ് അധിക ബാച്ചുകൾ തുടങ്ങുന്നത്. ഫലത്തിൽ നിലിവിലുള്ളതിനേക്കാൾ 240 സീറ്റുകൾ വർധിക്കും.
ഇതിനായി ബാർ കൗൺസിലിന് അപേക്ഷ സമർപ്പിക്കും. അധിക ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിൽ അധ്യാപക തസ്തികയും സൃഷ്ടിക്കേണ്ടിവരും. ആദ്യഘട്ടത്തിൽ െഗസ്റ്റ്/കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചായിരിക്കും ബാച്ച് തുടങ്ങുക.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ലോ കോളജുകളിൽ 100 വീതം ത്രിവത്സര എൽഎൽ.ബി സീറ്റുകൾ ഉണ്ടായിരുന്നത് 60 ആയും പഞ്ചവത്സര ഇൻറഗ്രേറ്റഡ് എൽഎൽ.ബി കോഴ്സിൽ 80 വീതം സീറ്റുണ്ടായിരുന്നത് 60 ആയുമാണ് കുറച്ചത്. ഒരു ബാച്ചിൽ പരമാവധി സീറ്റുകളുടെ എണ്ണം 60 ആക്കി ബാർ കൗൺസിൽ നിജപ്പെടുത്തിയതോടെയാണ് സീറ്റുകൾ നഷ്ടപ്പെട്ടത്. അധിക ബാച്ച് ലഭിച്ചാൽ ഒാരോ കോഴ്സിലും 120 വീതം സീറ്റുകളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.