നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു; 1500 ലധികം പേജ്, 100 ഓളം സാക്ഷികൾ
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണത്തിന്റെ ഭാഗമായ അനുബന്ധ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ പ്രതിയാക്കിയുള്ള ഏകദേശം 1500 ലധികം പേജുകളുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്.
തുടർ അന്വേഷണം സഹായകമായി എന്നാണ് പൊതുവെയുള്ള കണ്ടെത്തൽ. നിലവിലെ കേസിൽ ഏതാനും സാക്ഷികൾ കൂറുമാറിയെങ്കിലും തുടർ അന്വേഷണത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതും ക്വട്ടേഷൻ നൽകിയതും ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടും ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ശരത്തിനെ മറ്റൊരു പ്രധാന പ്രതിയാക്കാൻ സാധിച്ചതും തുടർ അന്വേഷണത്തിന്റെ ഗുണമായി ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.
ദിലീപിന്റെ പത്മ സരോവരം എന്ന വീട്ടിൽ വച്ച് ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന കാര്യം അനുബന്ധ കുറ്റപത്രത്തിലും അന്വേഷണ റിപ്പോർട്ടിലും രേഖപ്പെടുത്തിയതായാണ് വിവരം. പിന്നീട് ദൃശ്യങ്ങൾ നശിപ്പിക്കപ്പെടുകയോ ഒളിപ്പിച്ചുവെക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നും കുറ്റപത്രത്തിൽ പറയുന്നു.
ക്വട്ടേഷൻ നൽകിയതിലും ഗൂഢാലോചന നടത്തിയതിലും ദിലീപ് പങ്കാളിയാണ്. ശരത് ദിലീപിന്റെ വീട്ടിൽ ദൃശ്യങ്ങൾ എത്തിച്ചതും അതിന് ബാലചന്ദ്രകുമാറും ശരതും സാക്ഷികളായതും കുറ്റപത്രത്തിലെ നിർണായക തെളിവാകുമെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.
കാവ്യ മാധവനും ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ജോലിക്കാരും സാക്ഷികളാണ്. അനുബന്ധ കുറ്റപത്രത്തിൽ 100 ഓളം സാക്ഷികളാണുള്ളത്. 139 പേരെയാണ് തുടർ അന്വേഷണ വേളയിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച കുറ്റപത്രം ഉദ്യോഗസ്ഥർ മുമ്പാകെയാണ് സമർപ്പിച്ചത്.
സീൽ ചെയ്തു വാങ്ങിയ ശേഷം കുറ്റപത്രത്തിന്റെ പകർപ്പ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് അഞ്ജു ക്ലീറ്റസ് മുമ്പാകെ സമർപ്പിച്ചു. സെഷൻസ് കോടതിയായിരിക്കും വിചാരണ കോടതിക്ക് കൈമാറുക. വിചാരണ കോടതിക്ക് കുറ്റപത്രം കിട്ടിയാലുടൻ വിചാരണ ആരംഭിക്കുകയും ചെയ്യും.
2017 ഫെബ്രുവരി 17ന് രാത്രി 9.30ന് നെടുമ്പാശ്ശേരി വിമാനത്താവള റോഡിലാണ് നടി സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് നടിയെ ആക്രമിച്ച് മറ്റൊരു വാഹനത്തിൽ കയറ്റിയ സംഘം കളമശ്ശേരി, കാക്കനാട്, തൃക്കാക്കര ഭാഗങ്ങളിൽ ചുറ്റിക്കറങ്ങി ഉപദ്രവിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്.
EKG ANKA 1 DILEEP
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.