ഗ്രീൻഫീൽഡ് പാതക്ക് അധിക ഭൂമി; നടപടികൾ നാളെ മുതൽ
text_fieldsമഞ്ചേരി: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതക്കായി അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വെള്ളിയാഴ്ച തുടങ്ങും. വാഴയൂർ വില്ലേജിലെ ഭൂമിയിലാണ് ആദ്യം അതിർത്തിക്കല്ലുകൾ സ്ഥാപിക്കുക. ചരക്ക് വാഹനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ ഒതുക്കിനിർത്തി ഡ്രൈവർമാർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കാനും റിങ് റോഡ്, അപ്രോച്ച് റോഡ് എന്നിവ നിർമിക്കാനുമാണ് എട്ട് വില്ലേജുകളിൽനിന്ന് കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത്.
കാരകുന്ന് വില്ലേജിൽ ഒമ്പത് സെൻറ്, ചെമ്പ്രശ്ശേരി-485, അരീക്കോട്- 363, വാഴക്കാട് -168, ചീക്കോട് -363, വെട്ടിക്കാട്ടിരി -26, കരുവാരകുണ്ട് -478, വാഴയൂർ -397 എന്നിങ്ങനെയാണ് ഓരോ വില്ലേജിൽനിന്ന് അധികമായി ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ്.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലാണ് ഏറ്റെടുക്കൽ നടപടികൾ. ഈ മാസം 31നകം ത്രീഡി വിജ്ഞാപനം പുറത്തിറങ്ങും. നടപടികൾ പൂർത്തിയാക്കി 2025 മാർച്ച് 31നകം നഷ്ടപരിഹാര തുക വിതരണം ചെയ്യാനാണ് തീരുമാനം.
നിലവിൽ 45 മീറ്റർ വീതിയിലാണ് പാത. എട്ടിടങ്ങളിൽ 60 മീറ്റർ വീതിയിലാകും നിർമാണം. 3635 കൈവശങ്ങളാണ് ഇതുവരെ ഏറ്റെടുത്തത്. ഇവർക്ക് നഷ്ടപരിഹാര ഇനത്തിൽ 1860 കോടി രൂപ വിതരണം ചെയ്തു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന പാത നാല് പദ്ധതികളായാണ് ടെൻഡർ നൽകുക.
എടപ്പറ്റ മുതൽ കാരകുന്ന് വരെ ഒന്നും കാരകുന്ന് മുതൽ വാഴയൂർ വരെ മറ്റൊരു പദ്ധതിയുമാണ്. ഒന്നാം ഘട്ടത്തിൽ മലപ്പുറം ജില്ലയിലെ 15 വില്ലേജുകളിൽ നിന്നായി 238 ഹെക്ടർ ഭൂമി ഏറ്റെടുത്തിരുന്നു.
മലപ്പുറം ജില്ലയിൽ വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരകുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെയാണ് പാത. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പാതക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 52.96 കിലോമീറ്റര്‍ ദൂരമാണ് മലപ്പുറം വഴി കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.