നഗരസഭകളിൽ പി.എ നിയമനം: മാസംതോറും തനതുഫണ്ടിൽനിന്ന് ചോരുക 18.42 ലക്ഷത്തോളം രൂപ
text_fieldsതിരുവനന്തപുരം: പേഴ്സനൽ അസിസ്റ്റന്റുമാരെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയതോടെ നഗരസഭകൾക്ക് മാസംതോറും വരുന്നത് 18.42 ലക്ഷത്തോളം അധികബാധ്യത. തനത്ഫണ്ടിൽനിന്ന് ആവശ്യമായ തുക കണ്ടെത്തണമെന്നാണ് നിർദേശം. ദൈനംദിന കാര്യങ്ങൾക്കുപോലും തനതുഫണ്ട് മതിയാകാത്ത സാഹചര്യത്തിൽ ഇത് എങ്ങനെ മറികടക്കുമെന്ന് ആശങ്കയുണ്ട്.
നഗരസഭ അധ്യക്ഷന്മാർക്ക് ഇഷ്ടപ്രകാരം കരാർ അടിസ്ഥാനത്തിലോ ദിവസവേതനാടിസ്ഥാനത്തിലോ ക്ലർക്കിന് തുല്യമായ രീതിയിൽ പി.എമാരെ നിയമിക്കാനാണ് അനുമതി. ഇവർക്ക് കരാർ, ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്കുമാർക്ക് നിശ്ചയിച്ച ശമ്പളം ലഭിക്കും. കരാർ അടിസ്ഥാനത്തിൽ 21,175 രൂപയാണ് പ്രതിമാസം ലഭിക്കുക.
ദിവസവേതനാടിസ്ഥാനത്തിലാണെങ്കിൽ 20,385 രൂപയാകും. ഇതോടെ സംസ്ഥാനത്തെ 87 നഗരസഭകളിലായി 87 പി.എമാരെ ഉടൻനിയമിക്കും. കഴിഞ്ഞ സർക്കാർ കാലത്ത് അതത് നഗരസഭകളിലെ ഒരു ക്ലർക്കിനെ അധ്യക്ഷന്മാരുടെ പി.എ ആക്കാൻ അനുമതി നൽകി ഉത്തരവായിരുന്നു.
എന്നാൽ ക്ലർക്കുമാരുടെ കുറവ് കാരണം ഇത് പ്രായോഗികമല്ലെന്ന് നഗരസഭ അധ്യക്ഷന്മാരുടെ സംഘടനയായ ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ കേരള കഴിഞ്ഞ നവംബറിൽ സർക്കാറിന് കത്ത് നൽകിയിരുന്നു. മേയർമാരുടെ പി.എമാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയോഗിക്കുന്നത്. ഇതാണെങ്കിൽ പ്രത്യേക സാമ്പത്തികബാധ്യത വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.