അധിക തസ്തിക; വിദ്യാഭ്യാസ ഓഫിസർമാർക്ക് കടുത്ത അനാസ്ഥയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
text_fieldsകോട്ടയം: കാത്തുകാത്തിരുന്ന് സ്കൂളുകളിൽ അധിക ഡിവിഷനും തസ്തികയും അനുവദിച്ചിട്ടും തുടർനടപടികളായില്ല. ഇക്കാര്യത്തിൽ ഭൂരിഭാഗം വിദ്യാഭ്യാസ ഓഫിസർമാരും കടുത്ത അനാസ്ഥ കാണിക്കുന്നതായും നിരവധി പരാതികൾ ഫോൺ മുഖേന ഡയറക്ടറേറ്റിൽ ലഭിക്കുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ. തസ്തികകൾ പുനഃക്രമീകരിച്ച ഉത്തരവ് ഈമാസം അഞ്ചിനകം അടിയന്തരമായി നൽകി ഫയൽ തീർപ്പാക്കാനാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് കത്ത് നൽകി. ഇപ്രകാരം ഫയൽ തീർപ്പാക്കി ഏഴിനകം വിശദ റിപ്പോർട്ട് നൽകണം.
അതേസമയം, വിദ്യാഭ്യാസ ഓഫിസർമാരുടെ അഭാവമാണ് തുടർനടപടി വൈകാൻ കാരണമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 2022-23 അധ്യയനവർഷത്തെ കണക്ക് പ്രകാരം ഈ വർഷം ജൂൺ 27നാണ് 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമടക്കം 6043 അധിക തസ്തികകൾ അനുവദിച്ചത്. 1114 സര്ക്കാര് സ്കൂളിലെ 3101 അധിക തസ്തികകളും 1212 എയ്ഡഡ് സ്കൂളുകളിൽനിന്നായി 2942 അധിക തസ്തികകളും ഇതിൽ ഉള്പ്പെടും.
എയ്ഡഡ് മേഖലയിൽ കുറവുവന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകൾ പ്രകാരം പുനർവിന്യസിക്കുകയും സര്ക്കാർ മേഖലയിൽ 1638 അധ്യാപകരെ ക്രമീകരിക്കുകയും വേണം. ഇതിനുശേഷം 1409 അധിക തസ്തികയാണ് വേണ്ടത്. ഓൺലൈൻ വഴിയാണ് തുടർ നടപടിക്രമങ്ങൾ. ഡി.ഇ.ഒമാരും എ.ഇ.ഒമാരുമാണ് അവരുടെ പരിധിയിലെ സ്കൂളുകളിലെ കാര്യങ്ങൾ പരിഗണിക്കേണ്ടത്. എന്നാൽ, പല ജില്ലകളിലും ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ പദവികൾ ഒഴിഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ തസ്തിക നിർണയ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, ഇൻ ചാർജ് മേൽനോട്ടം വഹിക്കുന്നിടത്ത് ഒന്നുമായിട്ടില്ല. പലർക്കും അധിക ഭാരമാണിത്. കോട്ടയത്തുതന്നെ മൂന്നു വിഭ്യാഭ്യാസ ജില്ലകളിൽ ഡി.ഇ.ഒമാരില്ല. സർക്കാർ, എയ്ഡഡ് കാറ്റഗറി തിരിച്ച്, അനുവദിച്ച അധിക തസ്തികകളുടെ എണ്ണം, എത്ര തസ്തികകളിൽ മാനേജർമാർ നിയമനം നടത്തി, തസ്തിക നഷ്ടപ്പെട്ടു പുറത്തായ എത്രപേരെ ക്രമീകരിച്ചു തുടങ്ങിയ വിവരങ്ങൾ അടക്കം വിശദ റിപ്പോർട്ട് നൽകാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.