സർക്കാറിലെ അധിക തസ്തിക കണ്ടെത്തും: പരിശോധിക്കാൻ പ്രത്യേക സമിതി
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് അധിക ജീവനക്കാരെ കണ്ടെത്താൻ നടപടിയുമായി സംസ്ഥാന സർക്കാർ. ജോലി ഭാരത്തിനനുസരിച്ച് തസ്തികകൾ ക്രമീകരിക്കാനും അധിക തസ്തികകൾ കണ്ടെത്താനുമാണ് നിർദേശം. വൈജ്ഞാനിക ഭരണ നിർവഹണം നടപ്പാക്കുന്നതിന്‍റെ ഭാഗമാണിതെന്നാണ് വിശദീകരണം. ജീവനക്കാരുടെ മികവ് കണക്കാക്കൽ റിപ്പോർട്ട് അടിമുടി പരിഷ്കരിച്ചതിന് പിന്നാലെയാണ് ഈ നടപടി.
അധിക തസ്തിക കണ്ടെത്തൽ അടക്കം നടപടികൾക്ക് എല്ലാ വകുപ്പിലും പ്രത്യേക സമിതികൾക്ക് രൂപം നൽകും. വകുപ്പ് സെക്രട്ടറിയായിരിക്കും ചെയർമാൻ. വകുപ്പ് തലവൻ, ധനവകുപ്പ് പ്രതിനിധി എന്നിവർ അംഗങ്ങളും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രതിനിധി കൺവീനറുമാണ്. തസ്തികകളുടെ ജോലി, അധിക തസ്തികകൾ എന്നിവ സമിതി പരിശോധിക്കും. സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനുവേണ്ടി ചീഫ് സെക്രട്ടറി വി.പി. ജോയി നിർദേശിച്ചു. എല്ലാ വകുപ്പിന്‍റെയും റിപ്പോർട്ട് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഏകോപിപ്പിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് നേരത്തേതന്നെ അധിക ജീവനക്കാരെയും തസ്തിക ക്രമീകരണത്തെയും കുറിച്ച് പഠിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ ഇതിന്‍റെ അടിസ്ഥാനത്തിൽ നിരവധി തസ്തിക നിർത്തി. അനവധി തസ്തികകൾ പുനർവിന്യസിച്ചു. മറ്റു ചില സ്ഥാപനങ്ങളിലും സമാന നടപടി കൈക്കൊണ്ടിരുന്നു.
വൻതോതിൽ അധിക തസ്തിക കണ്ടെത്താനാണ് സാധ്യത. സ്വാഭാവികമായും ഇവ നിർത്തലാക്കുകയോ പുനർവിന്യസിക്കുകയോ ചെയ്യും. തസ്തികകൾ ഇല്ലാതായാൽ ഭാവിയിൽ പി.എസ്.സി നിയമനങ്ങളെയും ബാധിക്കും. സർക്കാറിന്‍റെ ശമ്പള-പെൻഷൻ ബാധ്യത കുറയും. ഭരണ പരിഷ്കരണ നടപടികളുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാമെന്ന നിർദേശം സർക്കാറിന് ലഭിച്ചിരുന്നു. ശമ്പള കമീഷനും കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്ത് മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം അധ്യക്ഷനായ സമിതിയും സർക്കാറിന് ഇതിനായി റിപ്പോർട്ട് നൽകിയിരുന്നു. ചെലവ് അവലോകന സമിതിയുടെ നിരവധി റിപ്പോർട്ടുകളും സമാന സ്വഭാവത്തിലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.