ജലജീവന്‍ മിഷന് 500 കോടി കൂടി അനുവദിച്ചു- റോഷി അഗസ്റ്റിന്‍
text_fieldsതിരുവനന്തപുരം: ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 500 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുവാനുണ്ട് . കരാറുകാരുടെ വൻ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിക്കുകയായിരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
തുക അനുവദിച്ചതോടെ കേന്ദ്രം ഈ സാമ്പത്തിക വർഷം അനുവദിച്ച 1949.36 കോടി രൂപ മുഴുവനായും അവകാശപ്പെടാന്‍ വാട്ടര്‍ അതോറിറ്റിക്ക് സാധിക്കും. ഈ തുകയില്‍ രണ്ടാം ഘഡുവായ 974.66 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ഈ സാമ്പത്തിക വർഷം ലഭിക്കാനുള്ളത്.
44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേര്‍ത്ത് 111643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവന്‍ മിഷനില്‍ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനോടകം 55 ശതമാനത്തോളം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷന്‍ തുടങ്ങും മുന്‍പ് സംസ്ഥാനത്ത് 17.50 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 40 ലക്ഷം ആയി. കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍.
അടുത്തവര്‍ഷം മാർച്ചോടെ സംസ്ഥാനത്തെ 550 പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ളം എത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 115 പഞ്ചായത്തുകളിലും ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നൂറു ശതമാനം ലക്ഷ്യം ആര്‍ജിച്ചു കഴിഞ്ഞു. മറ്റു പല പഞ്ചായത്തുകളിലും 60 ശതമാനത്തിലേറെ പ്രവൃത്തി പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷം പിന്നിടുകയാണ്. പകുതിയിലധികം ഗ്രാമീണ വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനായി. ഏഴു ജില്ലകളില്‍ 50 ശതമാനത്തിനു മുകളില്‍ ആയി. ആകെ 70 ലക്ഷത്തോളം വീടുകളിലാണ് കണക്ഷന്‍ നല്‍കേണ്ടത്. നദികള്‍ പോലെ സുസ്ഥിരമായ കുടിവെള്ള സ്രോതസ്സാണ് കേരളം ആശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കുഴല്‍കിണര്‍ പോലുള്ള സ്രോതസ്സുകളാണ് പദ്ധിക്കായി ആശ്രയിക്കുന്നത്. 2028വരെ പദ്ധതി കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിക്കായി റോഡുകള്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ അവയുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.