കാട്ടുപന്നി ശല്യം പരിഹരിക്കാൻ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവൽക്കരിക്കും- എ.കെ. ശശീന്ദ്രന്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവെക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപവൽക്കരിക്കാനും അവയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇതിന് മുന്നോടിയായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒക്ടോബര്‍ മൂന്നിന് മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.
ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെയും താല്‍പര്യമുള്ള ആളുകളെയും ലഭ്യമാകുന്നില്ല എന്ന പ്രശ്‌നം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്ന കാര്യം വനം വകുപ്പ് പരിശോധിക്കുന്നത്. ഫണ്ടിന്റെ ലഭ്യത കുറവ് കാരണം തുച്ഛമായ പ്രതിഫലം നല്‍കുന്നതും മറ്റൊരു പ്രശ്‌നമാണ്. വെടിവെക്കാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍, വിരമിച്ച ജവാന്മാര്‍, റൈഫിള്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ തുടങ്ങി ഇതില്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാനാണ് ആലോചിക്കുന്നത്.
സന്നദ്ധ സംഘടനകളുടെ സഹകരണവും പരിശോധിക്കുന്നതാണ്. ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കി വനം വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് അധികാരം.
ഈ അധികാരം ഉപയോഗിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ വെടിവെയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ വനം വകുപ്പ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.