നൃത്തച്ചുവടുകൾ വെച്ച് വയനാട് കലക്ടർ അദീല അബ്ദുല്ല -Video
text_fieldsകൽപറ്റ: വോട്ടുവണ്ടിയെത്തിയപ്പോൾ ചെണ്ടകൊട്ടിയും ഗദ്ദിക കലാകാരന്മാര്‍ക്കൊപ്പം ചുവടുകള്‍വെച്ചും വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ലയും ഒപ്പം ചേർന്നു. കലക്ടർ ചുവടുകൾ വെച്ചപ്പോൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീടത് കലാകാരൻമാർക്കും ആവേശമായി.
'എെൻറ നാടിന് എെൻറ വോട്ട്, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം' എന്നീ സന്ദേശങ്ങളുമായാണ് വോട്ടുവണ്ടി വയനാട് ജില്ലയില്‍ പര്യടനം തുടങ്ങിയത്. നാടന്‍പാട്ടുകളും പരുന്താട്ടവും ഗദ്ദികയും കോര്‍ത്തിണക്കിയാണ് വോട്ടുവണ്ടിയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള പ്രയാണം. ജനാധിപത്യ പ്രക്രിയയില്‍ നാടിനെയൊന്നാകെ ഭാഗമാക്കാനുള്ള സന്ദേശ പ്രചാരണമാണ് വോട്ടുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്.
സുതാര്യമായും സുരക്ഷിതമായും നിര്‍വഹിക്കപ്പെടുന്ന ജനാധിപത്യത്തിെൻറ ഉത്സവമായ തെരഞ്ഞെടുപ്പില്‍ ഏവരും പങ്കാളികളാകണമെന്ന് കലക്ടർ അഭ്യർഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാർഥികളും മാതൃക പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി തയാറാക്കിയ സി വിജില്‍ ആപ്പിെൻറ സേവനവും ഉപയോഗപ്പെടുത്തണം. വരുംദിവസങ്ങളില്‍ കൂടുതല്‍ കലാകാരന്മാരും സാമൂഹിക പ്രവര്‍ത്തകരും വോട്ടുവണ്ടിയോടൊപ്പം അണിചേരുമെന്നും കലക്ടർ വ്യക്തമാക്കി.
സമ്മതിദാനാവകാശത്തിെൻറ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കാനും ഇലക്‌ട്രോണിക് വോട്ടുയന്ത്രം, വിവിപാറ്റ് സംവിധാനം, വോട്ട് ചെയ്യേണ്ട വിധം എന്നിവ പരിചയപ്പെടുത്താനുമാണ് വോട്ടുവണ്ടി നിരത്തിലിറങ്ങിയത്. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വണ്ടിയില്‍ കയറി വോട്ടുയന്ത്രം പരിചയപ്പെടാം. മോക് പോളിങ് നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കലക്‌ടറേറ്റിൽ നടന്ന ചടങ്ങില്‍ അസി. കലക്ടര്‍ ഡോ. ബല്‍പ്രീത് സിങ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടർ കെ. രവികുമാര്‍, പ്ലാനിങ് ഓഫിസര്‍ ഇൻ ചാർജ് സുഭദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.