ശബരിമലയിലും എ.ഡി.ജി.പിയുടെ അധികാരപ്രയോഗം
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടന കാലത്തും എ.ഡി.ജി.പി അജിത്കുമാറിന്റെ അമിതാധികാര പ്രയോഗമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല തീർഥാടനത്തിലെ പ്രശ്നങ്ങളുടെ പേരിൽ സർക്കാറിനെതിരെ ബി.ജെ.പി ഉൾപ്പെടെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
അജിത്കുമാർ താൽപര്യമെടുത്ത് ശബരിമലയിലും പമ്പയിലും പ്രത്യേക ലെയ്സൺ ഓഫിസർമാരെ നിയോഗിച്ചതായാണ് റിപ്പോർട്ട്. തന്റെ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും ഇതരസംസ്ഥാനങ്ങളിലെ ഉന്നതർക്കും ദർശന സൗകര്യമൊരുക്കലായിരുന്നു ഇവരുടെ ചുമതല.
മണ്ഡലകാലത്ത് പത്തും മാസപൂജകാലത്ത് നാലും വീതം എ.എസ്.ഐ റാങ്കിൽ വരെയുള്ളവർക്കായിരുന്നു ഈ ഡ്യൂട്ടി. മുൻകാലങ്ങളിൽ പൊലീസിന് ഒരു ലെയ്സൺ ഓഫിസറാണുണ്ടായിരുന്നത്.
എ.ഡി.ജി.പി കൂടിയാലോചനകളില്ലാതെ സ്വന്തം നിലയിൽ തീരുമാനങ്ങളെടുത്ത് ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കടന്നുകയറിയെന്ന് ദേവസ്വം ബോർഡ് നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടിരുന്നു. പമ്പയിൽ ബോർഡ് ഉന്നത ഉദ്യോഗസ്ഥർക്കൊരുക്കിയ പാർക്കിങ് സ്ഥലവും സന്നിധാനത്തെ ഗെസ്റ്റ്ഹൗസിലെ മുറിയുമെല്ലാം എ.ഡി.ജി.പി സ്വന്തം നിയന്ത്രണത്തിലാക്കി.
യോഗങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് മോശമായ രീതിയിൽ പെരുമാറി. പാർക്കിങ്, യാത്രാസൗകര്യങ്ങൾ എന്നിവ അവതാളത്തിലാക്കിയതോടെ നിരവധി ഭക്തന്മാർ എരുമേലിയിലും മറ്റും യാത്ര അവസാനിപ്പിച്ച് മടങ്ങി. ഇത് ഇടത് സർക്കാറിനെതിരായി ബി.ജെ.പി പ്രചാരണത്തിനുപയോഗിച്ചു.
എ.ഡി.ജി.പിക്കെതിരേ ബോർഡ് നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിട്ടും നിയന്ത്രിക്കുകയോ വിൻവലിക്കുകയോ ചെയ്തില്ല. 2023 മുതൽ ചീഫ് കോഓഡിനേറ്റർ പദവിയിലാണ് അജിത്ത്.
എ.ഡി.ജി.പിയുടെ അമിതാധികാര പ്രയോഗത്തെക്കുറിച്ചുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ വിവരങ്ങൾ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ഇന്റലിജൻസ് മേധാവിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.