വിടാതെ സി.പി.ഐ പത്രം; ‘എ.ഡി.ജി.പിയുടെ പങ്കിന് തെളിവുണ്ട്’
text_fieldsതിരുവനന്തപുരം: തൃശൂർപൂരം കലക്കിയതിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് പങ്കുണ്ടെന്ന സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും പൊതുമണ്ഡലത്തിൽ ലഭ്യമാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗം. തിങ്കളാഴ്ചയിലെ പത്രത്തിൽ, പൂരം കലക്കിയത് എ.ഡി.ജി.പിയാണെന്ന് വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം കൂടുതൽ വിവരങ്ങളോടെ മുഖപ്രസംഗത്തിൽ ആവർത്തിച്ചത്.
എം.ആർ. അജിത്കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിലുള്ള സി.പി.ഐയുടെ അമർഷമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
എ.ഡി.ജി.പി സ്ട്രൈക് ഫോഴ്സ് എന്ന ഹാൻഡ് ബാൻഡ് ധരിച്ച ഒരു സംഘം പൊലീസുകാർ പൂരപ്പറമ്പിൽ സന്നിഹിതരായിരുന്നു. പൂരം അലങ്കോലപ്പെട്ട സമയത്ത് എ.ഡി.ജി.പി നഗരത്തിൽതന്നെയുള്ള പൊലീസ് അക്കാദമിയിൽ ഉണ്ടായിരുന്നെങ്കിലും സംഭവവികാസങ്ങളിൽ ഇടപെടാതിരുന്നത് ദുരൂഹമാണ്. പൂരം അലങ്കോലപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തെത്താൻ ശ്രമിച്ച റവന്യൂ മന്ത്രിയടക്കം ജനപ്രതിനിധികളുടെ യാത്ര തടസ്സപ്പെട്ടു. അപ്പോഴും എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയും സംഘ്പരിവാർ നേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി രംഗത്തെത്തിയത് സംഭവം ആസൂത്രിത അജണ്ടയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനപാദത്തിൽ നടന്ന പൂരം കലക്കൽ എൻ.ഡി.എ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ നടന്ന അട്ടിമറി പ്രവർത്തനമാണെന്നാണ് പൊതുജന വികാരം.
വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിക്കുന്നതിൽ ബോധപൂർവ നീക്കം നടന്നെന്ന സംശയം സ്വാഭാവികമാണ്.
സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികമാണെന്ന് സംശയിക്കാം. മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടുംവരെ സംശയം പ്രസക്തമാണ്. വാർത്തകൾ ശരിയാണെങ്കിൽ എ.ഡി.ജി.പിയുടെ റിപ്പോർട്ട് വസ്തുതകൾ പൂർണമായി പുറത്തുകൊണ്ടുവരാൻ വിസമ്മതിക്കുന്നതായി വേണം കരുതാനെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.
സി.പി.ഐയുമായി ചർച്ച ചെയ്യും –ടി.പി. രാമകൃഷ്ണന്
തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലമായി എന്നത് വസ്തുതയാണെന്നും എന്നാൽ, അന്വേഷണ റിപ്പോർട്ട് വരുംമുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്. പൂരം അലങ്കോലപ്പെട്ടതില്‍ എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള ജനയുഗത്തിലെ മുഖപ്രസംഗം വായിച്ചിട്ടില്ല. മുന്നണിയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.