സ്വകാര്യ സന്ദർശനം മാത്രമെന്നാവർത്തിച്ച് എ.ഡി.ജി.പി; 'റാം മാധവിനെ കണ്ടത് സ്വയം മുൻകൈയെടുത്ത്'
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം മാത്രമെന്നാവർത്തിച്ച് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. സുഹൃത്തായ ആർ.എസ്.എസ് നേതാവ് എ. ജയകുമാർ ക്ഷണിച്ചതനുസരിച്ചാണ് തൃശൂരിൽ ദത്താത്രേയ ഹൊസബലെയെയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡി.ജി.പിക്ക് നൽകിയ മൊഴിയിൽ എ.ഡി.ജി.പി പറഞ്ഞു.
അന്ന് ദത്താത്രേയ ഹൊസബലെയെ പരിചയപ്പെടുത്താനാണ് സുഹൃത്ത് ക്ഷണിച്ചത്. കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിന്‍റെ കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നെന്നും അതിനിടെയാണ് സ്വയം മുൻകൈയെടുത്ത് റാം മാധവിനെ കണ്ടതെന്നുമാണ് രണ്ടാമത്തെ കൂടിക്കാഴ്ചയിലെ വിശദീകരണം. ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഡി.ജി.പിക്ക് നൽകിയ മൊഴിയിൽ എം.ആർ. അജിത് കുമാർ അവകാശപ്പെട്ടു.
അതേസമയം, എ.ഡി.ജി.പിക്കെതിരായ അന്വേഷണം നടത്തുന്ന ഡി.ജി.പിയുടെ സംഘത്തിന് മുമ്പാകെ മൊഴി നൽകാൻ സമയം വേണമെന്ന് എ.ഡി.ജി.പിയുടെ സുഹൃത്തായ ആർ.എസ്.എസ് നേതാവ് ജയകുമാർ ആവശ്യപ്പെട്ടു. കേരളത്തിലില്ലെന്നും യാത്രയിലാണെന്നുമാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
എ.ഡി.ജി.പിക്കെതിരെ ആഭ്യന്തര സെക്രട്ടറി ശിപാർശ ചെയ്ത രണ്ട് അന്വേഷണങ്ങളിലും മുഖ്യമന്ത്രി ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷമാകും തീരുമാനം. പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും പൂരവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച സംബന്ധിച്ച പൊലീസ് മേധാവിയുടെ അന്വേഷണവുമാണ് ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.