അജിത്കുമാറിന്റെ കസേര എത്രനാൾ?
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, ബുധനാഴ്ച എൽ.ഡി.എഫ് യോഗം. അജിത്കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്ന കാര്യത്തിൽ യോഗത്തിലെ ചർച്ചയും തീരുമാനവും നിർണായകമാണ്. എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ കടുത്ത അതൃപ്തിയുള്ള സി.പി.ഐ ഇക്കാര്യം യോഗത്തിൽ അറിയിക്കുമെന്നാണ് വിവരം. ഇടത് സർക്കാറിന് കീഴിൽ പൊലീസിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ സുപ്രധാന അധികാരം കൈയാളുന്ന അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടത് ഗൗരവതരമെന്നാണ് സി.പി.ഐയുടെ നിലപാട്.
എന്നാൽ, തന്റെ വിശ്വസ്തനായ എ.ഡി.ജി.പിയുടെ നടപടിയിൽ വലിയ അച്ചടക്ക ലംഘനത്തിന്റെ പ്രശ്നമുള്ളതായി മുഖ്യമന്ത്രി കാണുന്നില്ല. നേരത്തേ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ഉയർന്നപ്പോൾ എ.ഡി.ജി.പിക്കെതിരെ ഉടൻ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി അറിയിച്ചത്. അജിത്കുമാറിനെതിരെയുള്ള ആക്ഷേപങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പി ശൈഖ് ദർവേശ് സാഹിബിനോട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ തീരുമാനമെടുക്കാമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എൽ.ഡി.എഫ് യോഗത്തിലും മുഖ്യമന്ത്രി ഈ നിലപാട് അറിയിക്കാനാണ് സാധ്യത.
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ചകൾ ഇടതുപക്ഷത്തിന്റെ സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായ നിലപാടിൽ പൊതുജനങ്ങൾക്ക് സംശയമുയർത്തുന്നുവെന്നാണ് സി.പി.ഐ ചൂണ്ടിക്കാട്ടുന്നത്. അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാട് മുന്നണിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും അവർക്ക് ആശങ്കയുണ്ട്. ഇടതുമുന്നണി യോഗത്തിൽ ഐ.എൻ.എൽ ഉൾപ്പെടെയുള്ള ഘടക കക്ഷികളിൽനിന്ന് ഇത്തരമൊരു അഭിപ്രായ പ്രകടനം ഉയരാൻ സാധ്യതയുണ്ട്.
എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് മൗനം
തിരുവനന്തപുരം: ‘സംഘ്പരിവാർ-സി.പി.എം ഡീൽ’ ആരോപണത്തിന് കോൺഗ്രസിന്റെ സംഘ്പരിവാർ ബന്ധത്തിന്റെ ചരിത്രം വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. എന്നാൽ, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടത് എന്തിനെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. കോവളത്ത് പാർട്ടി ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തങ്ങളുടെ ജീവിതവും പ്രവർത്തനവും സുതാര്യമാണെന്നും ഒരു വർഗീയതക്ക് മുന്നിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസുകാരുടെ കൊലക്കത്തിക്കിരയായത് സി.പി.എമ്മുകാരാണ്.
ഭയപ്പാട് സൃഷ്ടിച്ച് വളരാനുള്ള സംഘ്പരിവാർ ശ്രമം പ്രതിരോധിച്ചത് ഞങ്ങളാണ്. കോൺഗ്രസുകാർക്ക് ഒരു പങ്കുമില്ല. ഞങ്ങളുടെ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ കടുത്ത വേദനയോടെ കടിച്ചമർത്തി സഹിച്ചിട്ടുണ്ട്. ഒരിക്കലും പതറിപ്പോയിട്ടില്ല. ആർ.എസ്.എസ് ശാഖക്ക് കാവലിന് ആളെ അയച്ചുകൊടുത്തുവെന്ന് കെ.പി.സി.സി പ്രസിഡന്റ് പരസ്യമായി പറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.