ആർ.എസ്.എസ് നേതാവ് റാം മാധവുമായും എ.ഡി.ജി.പി എം.ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ആർ.എസ്.എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ആർ.എസ്.എസ് സമ്പർക്ക് പ്രമുഖ് കൈമനം ജയകുമാറാണ് അജിത്കുമാറിനെ കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ആർ.എസ്.എസ് പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയാണ് ജയകുമാർ.
2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത്കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എ.ഡി.ജി.പിയും ബി.ജെ.പി നേതൃത്വവും സമ്മതിച്ചതിന് പിന്നാലെയാണ് മറ്റൊു കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നത്.
ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത് അജിത്കുമാർ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിച്ചപ്പോഴാണ് സഹപാഠിക്കൊപ്പമുള്ള സ്വകാര്യ സന്ദർശനമായിരുന്നെന്ന് വിശദീകരിച്ചത്. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ താമസിച്ച ദിവസം എം.ആർ. അജിത്കുമാർ അവിടെയെത്തിയതായി കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിവരം സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാറിനും ലഭിച്ചു. എന്നാൽ, അക്കാര്യത്തിൽ അന്വേഷണത്തിന് മുതിരാതെ സർക്കാർ റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു.
കൂടിക്കാഴ്ച വിവാദം സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും. തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനായി അജിത്കുമാർ പൂരം കലക്കിയെന്ന് പി.വി. അൻവറിന്റെ ആരോപണത്തിന് പുറമേയാണ് കൂടിക്കാഴ്ച വിവാദം കൂടി പ്രത്യേകസംഘം അന്വേഷിക്കുക.
അജിത്കുമാർ സഹപാഠിയാണെന്ന് ആർ.എസ്.എസ് പ്രചാരക് ജയകുമാർ സ്ഥിരീകരിച്ചു. എവിടെയാണ് ഒരുമിച്ച് പഠിച്ചതെന്ന ചോദ്യത്തിന് ഉത്തരം നൽകാത്ത ജയകുമാർ സംഘത്തിന്റെ പ്രചാരകനായതിനാൽ മാധ്യമങ്ങളോട് സംസാരിക്കാനാകില്ലെന്നായിരുന്നു വിശദീകരിച്ചത്.
ജയകുമാർ
തിരുവനന്തപുരം കൈമനത്ത് കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ജയകുമാർ എൻജിനീയറിങ് പഠന കാലത്ത് എ.ബി.വി.പിയിൽ സജീവമായി. പിന്നീട് പ്രവർത്തന മേഖല ബംഗളൂരുവിലായി. ആർ.എസ്.എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറിയായ ജയകുമാർ പ്രധാനമന്ത്രിയുടെ അടുപ്പക്കാരനാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും അടുത്ത ബന്ധമുണ്ട്.
ബി.ജെ.പി ഭരണത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആർ.എസ്.എസ് നയങ്ങൾ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്. കേരളത്തിലും തമിഴ്നാട്ടിലും പരിവാർ പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുണ്ട്. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പർക്ക് പ്രമുഖനാണ് ജയകുമാർ. കേരളത്തിലും തമിഴ്നാട്ടിലും ആർ.എസ്.എസിന് വേരോട്ടമുണ്ടാക്കലാണ് ദൗത്യം.
രാം മാധവ്
2014 മുതൽ 2020 വരെ ബി.ജെ.പി. സംഘടന കാര്യങ്ങളിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിൽ 2014ലെ തെരഞ്ഞെടുപ്പിനുശേഷം പി.ഡി.പി- ബി.ജെ.പി സഖ്യമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2020ലാണ് ബി.ജെ.പി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. നിലവിൽ ജമ്മു-കശ്മീർ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരിലൊരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.