‘ആർ.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എ.ഡി.ജി.പി; ഇരട്ടച്ചങ്കന് ഒരു ചങ്കുമില്ലെന്ന് ബോധ്യപ്പെട്ടു’
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അജിത് കുമാർ, ആർ.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണെന്നും രമേശ് ചെന്നിത്തല. ബി.ജെ.പി - സി.പി.എം ബന്ധം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്. അതിന്‍റെ തുടർച്ചയാണിത്. അൻവറിന്‍റെ ആരോപണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
“ആർ.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം.ആർ. അജിത് കുമാർ. ലോ ആൻഡ് ഓഡർ ചുമതലയുള്ള എ.ഡി.ജി.പി സ്വകാര്യ വാഹനത്തിൽ പോയി ആർ.എസ്.എസ് നേതാവുമായി ചർച്ച ചെയ്യേണ്ട എന്ത് കാര്യമാണ് ഇവിടെയുള്ളത്? ഇത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള കൂടിക്കാഴ്ചയാണ്. അങ്ങനെ പോയി കണ്ടാൽ എന്താണ് കുഴപ്പമെന്നാണ് ഇന്നലെ പാർട്ടി സെക്രട്ടറി പറഞ്ഞത്. ജാവദേക്കറെ കണ്ട ഇ.പി ജയരാജന്‍റെ സ്ഥാനം തെറിച്ചു. ഇപ്പോൾ ഇവിടെ ആരുടെ സ്ഥാനമാണ് തെറിക്കേണ്ടത്? മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരൻ ആയതുകൊണ്ടല്ലേ എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത്?
ബി.ജെ.പി - സി.പി.എം ബന്ധം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്. അതിന്‍റെ തുടർച്ചയാണിത്. തൃശൂർ പൂരം അലങ്കോലമാക്കിയതും സുരേഷ് ഗോപി ജയിച്ചതും ഇതിന്‍റെ തുടർച്ചയാണ്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശം നഷ്ടമായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ പി. ശശിയുടെ കൈയിലേക്ക് പോകുമെന്നും ഒന്നും നടക്കില്ലെന്നും ഭരണകക്ഷി എം.എൽ.എ ആയ പി.വി. അൻവർ പറയുന്നു. മുഖ്യമന്ത്രി എന്തിനീ കസേരയിൽ ഇരിക്കുന്നു?
ഇരട്ടച്ചങ്കനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് ഒരു ചങ്കുമില്ലെന്ന് ഇപ്പോൾ ബോധ്യപ്പെട്ടില്ലേ. മുഖ്യമന്ത്രി ചെയ്യേണ്ട ജോലി മുഴുവൻ ശശി ചെയ്യുന്നുവെന്നാണ് അൻവർ പറയുന്നത്. ഇത് നിസാരമായി കാണാനാവുമോ? ഇതിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരെ പൊലീസ് തല്ലിച്ചതച്ചു. അൻവറിന്‍റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കാര്യമായ അന്വേഷണങ്ങളില്ല. ആരോപണമായി പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്” -ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.