ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചെന്ന് സമ്മതിച്ച് എ.ഡി.ജി.പി അജിത്കുമാർ: ‘പോയത് ആർ.എസ്.എസ് നേതാവിന്റെ കാറിൽ’
text_fieldsതിരുവനന്തപുരം:2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.
ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറിൽ പോയത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം. ദത്താത്രേയ ഹൊസബലെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എഡിജിപി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.
ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകുമെന്നതിനാലാണ് സ്വകാര്യകാർ തെരഞ്ഞെടുത്തത്. ഹോട്ടലിനു മുൻപിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് പറയുന്നു.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥർ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. വി.ഡി സതീശൻ ആരോപിച്ചത് പോലെ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണു കൂടിക്കാഴ്ചയെങ്കിൽ തുടർനടപടിയുമുണ്ടാകില്ല.
അതേസമയം, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിക്കുവേണ്ടി ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉരുണ്ടുകളിക്കുകയാണ് സി.പി.എം. അങ്ങനെ ഒരു കൂടിക്കാഴ്ചയും മുഖ്യമന്ത്രിക്കുവേണ്ടി നടന്നിട്ടില്ലെന്ന് വിശദീകരിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടുവെന്നത് നിഷേധിച്ചില്ല. ഇതുസംബന്ധിച്ച ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അജിത്കുമാർ-ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോയെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കണ്ടിട്ടുണ്ടെങ്കിൽ തങ്ങൾക്കെന്ത്... എന്നായിരുന്നു മറുപടി.
2023 മേയിൽ തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി എം.ആർ. അജിത്കുമാർ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ തൃശൂരിൽ ബി.ജെ.പിയുടെ വിജയത്തിന് സഹായിക്കുകയെന്ന ധാരണയെക്കുറിച്ചായിരുന്നു ചർച്ചയെന്നും എ.ഡി.ജി.പി ഇടപെട്ട് തൃശൂർ പൂരം കലക്കിയത് ആ ധാരണയുടെ ഭാഗമായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബി.ജെ.പിയുമായി എ.ഡി.ജി.പി വഴി സി.പി.എം ബന്ധം സ്ഥാപിച്ചുവെന്നത് കള്ളക്കഥയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയുടെ പുറത്തുണ്ടാക്കിയ വാർത്തയോട് പ്രതികരിക്കേണ്ടതില്ല. അജണ്ട വെച്ച് സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആർ.എസ്.എസ്. 215 സി.പി.എമ്മുകാർ ആർ.എസ്.എസിനാൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുമായി സന്ധി ചെയ്യാൻ സി.പി.എമ്മിനാവില്ലെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.