എ.ഡി.ജി.പിയുടെ ഒപ്പമുണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ രണ്ട് അടുപ്പക്കാർ
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാവ് രാം മാധവുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ കൂടെ രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി സൂചന. ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമുള്ളവരാണ്. കണ്ണൂരുകാരനായ ബിസിനസുകാരനാണ് ഒരാൾ. രണ്ടാമൻ പിണറായിയുടെ ബന്ധുവും പാർട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമാണ്. കൂടിക്കാഴ്ച വിവരം വിവാദമായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങൾ പുറത്തുവന്നത്.
മുഖ്യമന്ത്രിയുടെ ദൂതുമായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ സംരക്ഷണവും പകരം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ജയത്തിനുള്ള സഹായവുമാണ് ആർ.എസ്.എസിനും മുഖ്യമന്ത്രിക്കുമിടയിലെ ‘ഡീൽ’ എന്ന് അവർ പറയുന്നു. അതിരഹസ്യമാക്കി വെച്ച കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ബന്ധുവടക്കം അടുപ്പക്കാരുമുണ്ടായിരുന്നെന്ന റിപ്പോർട്ട് സി.പി.എമ്മിനെയും സർക്കാറിനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്.
2023 ഡിസംബറിലാണ് കോവളത്തെ ഹോട്ടലിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാവ് രാം മാധവിനെ കണ്ടത്. ആർ.എസ്.എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാം മാധവ്. സുഹൃത്തായ ആർ.എസ്.എസ് സമ്പർക്ക് പ്രമുഖ് കൈമനം ജയകുമാറിനൊപ്പമാണ് എം.ആർ. അജിത്കുമാർ ഹോട്ടലിൽ എത്തിയത്. ആർ.എസ്.എസ് പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയാണ് ജയകുമാർ. 2023 മേയിൽ തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെ എം.ആർ. അജിത്കുമാർ സന്ദർശിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് എ.ഡി.ജി.പി തിരുവനന്തപുരത്ത് രാം മാധവിനെ കണ്ടതും പുറത്തുവന്നത്. പിന്നാലെ കൂടിക്കാഴ്ച വിവരം എ.ഡി.ജി.പി സ്ഥിരീകരിച്ചു. ആർ.എസ്.എസ് നേതാക്കളെ കണ്ടത് വ്യക്തിപരമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനോട് എം.ആർ. അജിത്കുമാർ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.