ഒറ്റപ്പെട്ട് മുഖ്യമന്ത്രി; അജിത്കുമാർ തെറിക്കും
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദത്തിൽ സമ്മർദം മുറുകിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിൽ. ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി ചെന്നുകണ്ട എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ നീക്കണമെന്ന ആവശ്യം പാർട്ടിയിലും മുന്നണിയിലും ഉയർന്നിട്ടും മുഖ്യമന്ത്രി മനസ്സ് തുറന്നിട്ടില്ല. അജിത്തിന്റെ ആർ.എസ്.എസ് ബന്ധത്തിന്റെ പാപഭാരം പാർട്ടി തലയിലേറ്റേണ്ടതില്ലെന്ന വികാരമാണ് പൊതുവിൽ സി.പി.എമ്മിലുള്ളത്. മുഖ്യമന്ത്രി തീർത്തും ഒറ്റപ്പെട്ട സാഹചര്യത്തിൽ എം.ആർ. അജിത്കുമാറിന് സ്ഥാനചലനമുണ്ടാകുമെന്ന് സൂചനകളുണ്ട്.
സർക്കാറിന്റെയും എ.ഡി.ജി.പിയുടെയും മുഖംരക്ഷിച്ചുള്ള തീരുമാനത്തിനാണ് ആലോചന. ഈ മാസം 14 മുതൽ നാലു ദിവസം അവധിയിൽ പോവുന്ന അജിത് അവധി നീട്ടി ചോദിക്കും. ദീർഘ അവധി അനുവദിക്കുന്നതിനൊപ്പം ക്രമസമാധാന ചുമതലയിൽ പുതിയ ആളെ നിയമിക്കാനുമാണ് ആലോചന. ഇതോടൊപ്പം പൊലീസ് തലപ്പത്ത് മറ്റുചില മാറ്റങ്ങളുമുണ്ടാകും. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്റെ സ്ഥാനചലനം ഇപ്പോഴത്തെ ആരോപണങ്ങളെ തുടർന്നല്ലെന്ന് വരുത്താനാണിത്. അതിനായി ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിത്തരണമെന്ന് അജിത്കുമാർ മുഖ്യമന്ത്രിക്ക് കത്തുനൽകിയതായും വിവരമുണ്ട്.
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് ബാന്ധവത്തിൽ സി.പി.ഐയും നിലപാട് കടുപ്പിച്ചു. സി.പി.ഐ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തോട് റിപ്പോർട്ട് തേടി. പിന്നാലെ, അജിത്കുമാറിനെ നീക്കണമെന്ന അഭിപ്രായം സി.പി.ഐ മുഖ്യമന്ത്രിയെ അറിയിച്ചു. ‘ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി കണ്ടെങ്കിലെന്ത്’ എന്ന് ആദ്യം ചോദിച്ച സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദനും ഇപ്പോൾ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ്. വിഷയം സി.പി.എമ്മിന്റെ അടിസ്ഥാന രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് വളർന്നതിൽ പാർട്ടിയിൽ അതൃപ്തി ഉടലെടുത്ത പശ്ചാത്തലത്തിലാണ് സെക്രട്ടറിയുടെ ചുവടുമാറ്റം.
എ.ഡി.ജി.പി എന്തിന് ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കാണുന്നെന്ന് അറിയണമെന്നും വിഷയം ഗൗരവമാണെന്നുമാണ് സി.പി.ഐ ദേശീയ സെക്രട്ടി ഡി. രാജ തിങ്കളാഴ്ച ഡൽഹിയിൽ പറഞ്ഞത്. ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനും ഇതേ അഭിപ്രായം പങ്കുവെച്ചു. എ.ഡി.ജി.പി ആർ.എസ്.എസ് നേതാവ് രാംമാധവിനെ കാണുമ്പോൾ കൂടെയുണ്ടായിരുന്നുവർ ആരെന്നറിഞ്ഞാൽ കേരളം ഞെട്ടുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ വെളിപ്പെടുത്തൽ. അതേസമയം, കക്ഷിരാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കാറുള്ള സ്പീക്കർ എ.എൻ. ഷംസീർ മാത്രമാണ് എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നിന്നു സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.