സ്പീക്കർ ഷംസീറിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡെപ്യൂട്ടി സ്പീക്കർ; ഇടത് നയത്തിന് എതിരെന്ന് ചിറ്റയം ഗോപകുമാർ
text_fieldsപാലക്കാട്: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിനെ ന്യായീകരിച്ച നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിനെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ. സ്പീക്കർ സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്ത പ്രസ്താവനയാണെന്ന് ചിറ്റയം ഗോപകുമാർ പ്രതികരിച്ചു.
സ്പീക്കറുടെ പ്രസ്താവന എൽ.ഡി.എഫ് നയത്തിന് എതിരാണ്. സ്പീക്കറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. രാജ്യത്ത് ബി.ജെ.പിയും ആർ.എസ്.എസും വളർന്നു വന്നാലുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് സി.പി.എം സ്ഥാപക നേതാവ് സുന്ദരയ്യ തന്നെ പറഞ്ഞിട്ടുണ്ട്. രാജ്യത്ത് വർഗീയ ഫാഷിസം ഇല്ലാതാകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ഡി.ജി.പിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആർ.അജിത് കുമാറിനെ സർക്കാർ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എം.എൽ.എയാണ് ആരോപണം ഉന്നയിച്ചത്. ആരുടെ നിർദേശപ്രകാരമാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത്. ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്നും ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.
എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നാണ് സ്പീക്കർ എ.എൻ. ഷംസീർ കഴിഞ്ഞ ദിവസം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. വ്യക്തികൾ പരസ്പരം കാണുന്നതിൽ തെറ്റില്ല. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് അജിത് കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷംസീർ പറഞ്ഞു.
കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടതില്ല. ആർ.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. അതിന്‍റെ പ്രധാനപ്പെട്ട രണ്ടു നേതാക്കളെ എ.ഡി.ജി.പി കണ്ടതിൽ അപാകതയില്ലെന്നും എ.എൻ. ഷംസീർ വ്യക്തമാക്കിയിരുന്നു.
അതേസമയം, എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതിനെ ന്യായീകരിച്ച എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്ക് ആര്‍.എസ്.എസിനെ നിരോധിച്ച കാലം ഓര്‍മപ്പെടുത്തി മന്ത്രി എം.ബി. രാജേഷിന്റെ മറുപടി നൽകിയിരുന്നു. ആര്‍.എസ്.എസിനെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണെന്നും മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.