എ.ഡി.ജി.പി ശ്രീജിത്തിന്‍റെ സ്ഥലം മാറ്റം: ഡബ്‌ള്യു.സി.സിയുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് പി. സതീദേവി
text_fieldsകോഴിക്കോട്: എ.ഡി.ജി.പി ശ്രീജിത്തിനെ ക്രൈബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതിൽ ഡബ്‌ള്യു.സി.സിയുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. എസ്.ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, മേൽനോട്ട ചുമതല മാത്രമാണുള്ളതെന്നും സതീദേവി പറഞ്ഞു. ഡബ്‌ള്യു.സി.സിക്ക് ആശങ്ക വേണ്ടെന്നും സ്ത്രീ പീഡനകേസുകളിൽ നയം മാറ്റം ഉണ്ടാവില്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു.
'ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നത് സാധാരണ നടപടിയാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. എസ്.ശ്രീജിത്ത് പല കേസുകളിലും അന്വേഷണം ശരിയായി നടത്തിയിട്ടില്ലെന്ന് ആരോപണം ഉയർന്നതെല്ലാം എല്ലാവർക്കുമറിയാം. പുതുതായി വരുന്ന ഉദ്യോഗസ്ഥൻ കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ'യെന്നും അവര്‍ പറഞ്ഞു.
അതേസമയം കണ്ണൂരിൽ കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച രേഷ്മക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും സതീദേവി പറഞ്ഞു. 'പ്രതിസ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ കുറ്റത്തിന് അതീതമായി മറ്റ് രീതിയിൽ കാണുന്നത് ശരിയല്ല. അത് അംഗീകരിക്കാനാകില്ല. വ്യക്തിപരമായി സ്ത്രീക്കെതിരെ അധിക്ഷേപം നടത്താന്‍ പാടില്ലെന്നും ഇക്കാര്യത്തെ സംബന്ധിച്ച് രേഷ്മ പരാതി നൽകിയിട്ടുണ്ടെന്നും'സതീദേവി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകവെ ക്രൈബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയതിൽ ഡബ്യൂ.സി.സി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.