എ.ഡി.ജി.പിയും ബോർഡ് പ്രസിഡന്റും കൊമ്പുകോർത്തു
text_fieldsശബരിമല: പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശബരിമലയിൽ ഏറെക്കാലമായി നിലനിന്നിരുന്ന അസ്വാരസ്യം മറനീക്കി പുറത്ത്. ശബരിമലയിലെ തിരക്കും ക്രമീകരണവും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ഓൺലൈനായി നടന്ന അവലോകന യോഗത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും തമ്മിൽ നടന്ന രൂക്ഷ വാക്പോരാണ് ഇരുവകുപ്പുകളും തമ്മിലെ പടലപ്പിണക്കം പരസ്യമാക്കിയത്. ഒരുമിനിറ്റിൽ എത്ര പേരെ പതിനെട്ടാംപടി കയറ്റിവിടാൻ കഴിയും എന്നത് സംബന്ധിച്ചായിരുന്നു തർക്കം. മിനിറ്റിൽ 60 പേരെ മാത്രമേ പതിനെട്ടാംപടി കയറ്റാൻ സാധിക്കൂ എന്നും ദിവസം പരമാവധി 60,000 പേർക്ക് മാത്രമേ ദർശനം സാധ്യമാക്കാൻ കഴിയൂ എന്നും എ.ഡി.ജി.പി പറഞ്ഞു. എന്നാൽ, ഈ സീസണിൽ ഉൾപ്പെടെ മിനിറ്റിൽ 75 പേരെവരെ പൊലീസ് പടികയറ്റിവിട്ടതിന്റെ കണക്കുകൾ തന്റെ കൈവശമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇതേതുടർന്നുണ്ടായ വാഗ്വാദത്തിനിടെ ബോർഡ് പ്രസിഡന്റ് കള്ളക്കണക്കാണ് നിരത്തുന്നതെന്ന് എ.ഡി.ജി.പി തിരിച്ചടിച്ചു. കള്ളക്കണക്കാണ് പറയുന്നതെന്ന എ.ഡി.ജി.പിയുടെ വാക്കുകൾ തിരിച്ചെടുക്കണമെന്ന് ബോർഡ് പ്രസിഡൻറ് ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു. ഇതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ഇതൊരു ഏകോപന യോഗമാണെന്ന് ഓർമിപ്പിച്ചതോടെയാണ് ഇരുവരും ശാന്തരായത്.
ശബരിമലയിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ സോപാന ചുമതല അടക്കം പല കാര്യങ്ങളിലും വർഷങ്ങളായി ശീതസമരം നിലനിൽക്കുന്നുണ്ട്. ദർശനത്തിനായുള്ള മുൻനിരയുടെ നിയന്ത്രണം ദേവസ്വം ബോർഡും മറ്റ് നിരകളുടെ ചുമതല പൊലീസുമാണ് നിർവഹിച്ചുവരുന്നത്. ദർശനത്തിനെത്തിയ തീർഥാടകരെ പൊലീസ് സോപാനത്ത് ശാരീരികമായി ഉപദ്രവിച്ച സംഭവം ഏതാനും വർഷംമുമ്പ് ഉണ്ടായിരുന്നു. ഇതേതുടർന്ന് അന്ന് എക്സിക്യൂട്ടിവ് ഓഫിസർ ആയിരുന്ന കെ. ജയകുമാർ സോപാനത്തുനിന്ന് പൊലീസിനെ പൂർണമായി ഒഴിവാക്കി പകരം മുഴുവൻ ചുമതലകളും ദേവസ്വം ഗാർഡുമാർക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ സംഭവം പൊലീസിന് നാണക്കേടായതോടെ വകുപ്പുമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചുമതലകൾ രണ്ടാഴ്ചക്കുള്ളിൽ പൂർവസ്ഥിതിയിലാക്കി.
വെർച്വൽ ക്യൂ സംവിധാനം ആരംഭിച്ച 2019 മുതൽ പൊലീസിനായിരുന്നു നിയന്ത്രണം. എന്നാൽ, ഹൈകോടതി നിർദേശപ്രകാരം കഴിഞ്ഞ വർഷം മുതൽ വെർച്വൽ ക്യൂവിന്റെ മുഴുവൻ ചുമതലയും ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു. ഇതും പൊലീസ് സേനക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.