എസ്.ഡി.പി.ഐക്കാർ പ്രതികളാകുന്ന കേസുകളിൽ സംസ്ഥാനാന്തര ഗൂഢാലോചനയെന്ന് എ.ഡി.ജി.പി വിജയ് സാഖറെ
text_fieldsഎസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ സംസ്ഥാനാന്തര ഗൂഢാലോചനയുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ. അതുകൊണ്ടാണ് എസ്.ഡി.പി.ഐക്കാർ പ്രതികളാകുന്ന കേസുകളിൽ അറസ്റ്റിന് താമസമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ സഞ്ജിത് വധം, ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസൻ വധം എന്നിവയിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ പൊലീസ് വിമർശനം കേൾക്കുന്നതിനിടെയാണ് എ.ഡി.ജി.പിയുടെ വിശദീകരണം.
'കുറ്റകൃത്യം ചെയ്യുന്ന സംഘത്തിൽ പ്രദേശത്തുള്ളവർ ഉണ്ടാവാറില്ല. പുറത്തുനിന്നുള്ളവരാണ് ഉണ്ടാവുക. കൃത്യം നടപ്പാക്കിയ ശേഷം സംസ്ഥാനം വിടും. മറ്റ് സംസ്ഥാനത്തെ ഒളിത്താവളത്തിൽ മാസങ്ങളോളം കഴിയും. ഇവർ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. ഒളിവിൽ കഴിയുമ്പോൾ ഇവർക്ക് സുരക്ഷ നൽകാൻ ആളുകളുണ്ടാകും. അതുകൊണ്ട് തന്നെ എസ്.ഡി.പി.ഐക്കാർ പ്രതികളാകുന്ന കേസുകളിൽ അറസ്റ്റിന് താമസമുണ്ടാകും' -വിജയ് സാഖറെ പറഞ്ഞു.
കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിന് നേരെ നടത്തിയ ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് വിജയ് സാഖറെ പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി തുടങ്ങിയ ഒരു സംഘർഷമാണ്. സാധാരണയായി അതിഥി തൊഴിലാളികൾ ഈ രീതിയിൽ സംഘർഷത്തിലേർപ്പെടാറില്ല -അദ്ദേഹം പറഞ്ഞു.
കിഴക്കമ്പലത്തെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം വിജയ് സാഖറെ നിർദേശം നൽകിയിരുന്നു. ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്റ്റേഷനുകളില്‍ നിയമിക്കണമെന്നും എ.ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.