സുബൈർ വധം സഞ്ജിത്തിന്റെ കൊലക്കുള്ള പ്രതികാരം -എ.ഡി.ജി.പി
text_fieldsപാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം മാസങ്ങൾക്ക് മുമ്പ് എലപ്പുള്ളിയിൽ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. സഞ്ജിത്തിന്റെ സുഹൃത്തായ രമേശാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും നേരത്തേ രണ്ടുതവണ കൊലപാതകശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ചൊവ്വാഴ്ച ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി.
സുബൈറിന്റെ അയൽവാസിയും സഞ്ജിത്തിന്റെ സുഹൃത്തുമായ രമേശ് കൊലപാതകത്തിനായി നിരവധി പേരെ സമീപിച്ചിരുന്നെങ്കിലും മൂന്നുപേരെ മാത്രമാണ് ലഭിച്ചത്. ആദ്യ രണ്ട് ശ്രമം പൊലീസ് സാന്നിധ്യം മൂലം ഉപേക്ഷിച്ചു. എപ്രിൽ ഒന്ന്, എട്ട് തീയതികളിലായിരുന്നു ഇവ. സഞ്ജിത്തിന്റെ അടുത്ത സുഹൃത്താണ് രമേശ്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൽ സുബൈറിന് പങ്കുണ്ടാകുമെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നതായും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. പ്രതികളിൽനിന്ന് ഗൂഢാലോചന സംബന്ധിച്ച കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പടക്കം പൂർത്തിയാക്കും. അതേസമയം, ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊലപാതകത്തിന് മുമ്പ്, സുബൈറിന്റെ പോസ്റ്റ്മോർട്ടം നടന്ന പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ആശുപത്രിയിൽനിന്നാണ് കൊലപാതകത്തിനായി ആറംഗ സംഘം പുറപ്പെട്ടത്.
ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് പൊലീസ് ശ്രമം. ശ്രീനിവാസൻ കൊലക്കേസിൽ അന്വേഷണം ഊർജിതമാണെന്നും മറ്റ് ആരോപണങ്ങൾ തള്ളുന്നതായും എ.ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.