ഏറെ പഠിപ്പിച്ചു; ഒടുവിൽ പാഠ്യവിഷയമായി മടക്കം
text_fieldsപാലക്കാട്: മരണത്തിന് മണിക്കൂറുകൾക്ക് മുമ്പുവരെ പൊതുമണ്ഡലത്തിൽ കർമനിരതനായിരുന്നു റഷീദ് കണിച്ചേരി. പാലക്കാട് ജില്ല സഹകരണ ബാങ്കിന് സമീപത്തെ ചിന്ത ഓഫിസിൽനിന്ന് മടങ്ങുന്ന മാഷെ വെള്ളിയാഴ്ച കണ്ടപ്പോഴും പറയാനുണ്ടായിരുന്നത് ദേശീയ രാഷ്ട്രീയത്തിലെ അപകടങ്ങളെക്കുറിച്ചായിരുന്നു. മലയാളം അധ്യാപകനായി ഗവ. മോയൻ സ്കൂളിലെ ക്ലാസ് മുറികളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന തെൻറ ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പാഠ്യവിഷയമാക്കാൻ തീരുമാനിച്ച ശേഷമാണ് വിടവാങ്ങൽ. തുള വീഴാത്ത മതേതര മനസ്സിെൻറ ഉടമയായിരുന്നു അദ്ദേഹം.
മനസ്സാ സ്വീകരിച്ച ആശയത്തിനപ്പുറത്തൊരു ജീവിതമുണ്ടായിരുന്നില്ല. മതങ്ങൾക്കും അവയിലധിഷ്ഠിതമായ അനുഷ്ഠാനങ്ങൾക്കുമപ്പുറം മാനവികതയിലൂന്നിയ വിശ്വാസപ്രമാണം ജീവിതത്തിലും കുടുംബത്തിലും ഊട്ടിയുറപ്പിച്ചു. ഒടുവിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയിലെ ഉള്ളറകളിലായിരുന്നു മാഷിെൻറ പ്രവർത്തനം. മലമ്പുഴയിൽ സി.പി.എമ്മിെൻറ വിജയത്തിൽ ലവലേശം സംശയമില്ലെന്ന് വ്യക്തമാക്കുമ്പോഴും രണ്ടാം സ്ഥാനത്തേക്ക് മുന്നേറാൻ ബി.ജെ.പി -ബി.ഡി.ജെ.എസ് സംഖ്യത്തിന് കഴിഞ്ഞേക്കുമെന്ന് പറയാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് അടിത്തട്ടിലൂന്നിയ പഠനമാകണം.
എം.കെ. കൃഷ്ണൻ സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന സമയത്ത് മാഷ് പാലക്കാെട്ടത്തിയത് പാരലൽ കോളജ് അധ്യാപകനായാണ്. കെ.എസ്.വൈ.എഫ് പ്രവർത്തകനായി കളം നിറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് പാർട്ടി സന്ദേശങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധയായിരുന്നെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഓർക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. പേരമക്കളെ നഗരത്തിലെ സർക്കാർ എൽ.പി സ്കൂളിൽ ഈ അധ്യയനവർഷം ചേർക്കുമ്പോൾ ഒപ്പം സന്തോഷത്തോടെ റഷീദ് മാഷുമുണ്ടായിരുന്നു.
മലയാള ഭാഷക്കായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് എന്നുമുണ്ടായിരുന്ന മാഷിന് സ്കൂൾ കലോത്സവങ്ങളോട് പ്രത്യേക താൽപര്യമായിരുന്നു. കലോത്സവത്തിെൻറ നിലനിൽപ്പിനായി ഏറെ അധ്വാനിച്ച വിദ്യാഭ്യാസമന്ത്രിമാരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിനന്ദിക്കാൻ ഒരു പിശുക്കും കാണിച്ചില്ല. 2014ൽ പാലക്കാട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയായപ്പോൾ പ്രസിദ്ധീകരിച്ച ‘മാധ്യമം’ സപ്ലിമെൻറിൽ റഷീദ് മാസ്റ്റർ എഴുതിയ ലേഖനത്തിൽ കലോത്സവ നടത്തിപ്പിന് വഴിത്തിരിവുണ്ടാക്കിയ മന്ത്രിമാരായി വിശേഷിപ്പിച്ചത് മുസ്ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയ, ചാക്കീരി അഹമ്മദ്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും കേരള കോൺഗ്രസിലെ ടി.എം. ജേക്കബ് എന്നിവരെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.