ആദില നസ്റിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsആലുവ: തന്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയ ആദില നസ്റിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ മർദിച്ചെന്ന ആദിലയുടെ പരാതിയിലാണ് മുപ്പത്തടം സ്വദേശി മുഹമ്മദാലിയെ അറസ്റ്റ് ചെയ്തതെന്ന് ബിനാനിപുരം പൊലീസ് പറഞ്ഞു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.
ഇതിനിടെ തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയെന്ന ആദിലയുടെ പരാതിയിൽ പൊലീസ് നടപടി എടുത്തില്ല. ബന്ധുക്കൾ കൊണ്ടുപോകുന്നത് തടയാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസെന്നറിയുന്നു. നൂറ അവളുടെ ബന്ധുക്കളുടെ തടവിലാണെന്നാണ് ആദിലയുടെ ആരോപണം. ആദിലയുടെ വീട്ടിൽ കഴിയുകയായിരുന്ന നൂറയെ അവളുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോകുകയായിരുന്നുവത്രേ. സൗദിയിൽ പഠിക്കുമ്പോഴാണ് നൂറയെ പരിചയപ്പെടുന്നത്.
വീടുകളിൽനിന്ന് ഒളിച്ചോടിയ ഇവർ വനജ കലക്ടിവിൽ സഹായം തേടുകയായിരുന്നു. നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ വീട്ടുകാരുടെ കൂടെപ്പോകാൻ തയാറല്ലെന്നും അവർ അപകടകാരികളാണെന്നും നൂറ പറഞ്ഞതത്രേ. ആദിലയുടെ ഉമ്മയും ബന്ധുക്കളും ആദിലയുടെ കൂടെ നൂറയെയും കൂട്ടിക്കൊണ്ടുപോയി. നൂറയെ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുമെന്നും പറഞ്ഞായിരുന്നു നൂറയെ സ്വീകരിച്ചത്. എന്നാൽ, ആദിലയുടെ വീട്ടിൽവെച്ച് ഇരുവരോടും പ്രണയം ഉപേക്ഷിക്കാൻ ആദിലയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. 23ന് നൂറയുടെ ഉമ്മയും ബന്ധുക്കളും ആദിലയുടെ വീട്ടിലെത്തി നൂറയെ കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.