ആദിത്യയുടെ ശ്രേഷ്ഠവിദ്യാ പുരസ്കാരത്തിനുണ്ട്, ഒരു കലോത്സവ നഷ്ടത്തിന്‍റെ കഥ പറയാൻ
text_fieldsകൊല്ലം: ആദിത്യയുടെ ശ്രേഷ്ഠവിദ്യാ പുരസ്കാരത്തിന് ഒരു നഷ്ടപ്പെടലിന്‍റെ കഥയുണ്ട്. സ്കൂള്‍ വിദ്യാഭ്യാസകാലത്തെ അവസാന സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതെ പോയതിന്‍റെ സങ്കടത്തിലാണ് ആദിത്യ സുരേഷ്. കുണ്ടറയില്‍ നടന്ന കൊല്ലം ജില്ല കലോല്‍സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സംസ്കൃത പദ്യംചൊല്ലലില്‍ നേരിയ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായ ആദിത്യ സുരേഷ് സംസ്ഥാന മല്‍സരത്തിലേക്ക് അപ്പീല്‍ നല്‍കിയിരുന്നു.
എന്നാല്‍, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ശ്രേഷ്ഠവിദ്യാബാല പുരസ്ക്കാരം വാങ്ങാനായി ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പോയിരുന്ന ആദിത്യയ്ക്ക് അപ്പീല്‍ പരിഗണിക്കുന്ന ദിവസം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ആദിത്യയുടെ അവസാന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ പങ്കാളിത്തം എന്ന സ്വപ്നം പൊലിഞ്ഞത്.
എല്ലുകള്‍ ഒടിയുന്ന ബ്രിറ്റില്‍ ബോണ്‍ എന്ന രോഗം ബാധിച്ച ആദിത്യയെ മാതാപിതാക്കള്‍ എടുത്താണ് മല്‍സരവേദികളിലേക്ക് എത്തിക്കുന്നത്. ശരീരത്തിനുണ്ടാകുന്ന ചെറിയ ക്ഷതം പോലും ആരോഗ്യത്തെ ബാധിക്കുമ്പോള്‍ അത് നല്‍കുന്ന വേദന പാട്ടുകളിലൂടെ മറക്കാറുണ്ട് ഈ മിടുക്കന്‍.
അവാര്‍ഡ് വിവരം കൃത്യമായി സംഘാടകരെ അറിയിച്ചിരുന്നതായും പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പെട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെയും മന്ത്രിയുടെയും വിശദീകരണം. സാമൂഹ്യമാധ്യമങ്ങളിലടക്കം സജീവമായ ആദിത്യ സുരേഷ് നെടിയവിള വി.ജി. അംബികോദയം ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
കൊല്ലം ഏഴാംമൈല്‍ രഞ്ചിനി ഭവനില്‍ സുരേഷ് -രഞ്ചിനി ദമ്പതികളുടെ മകനായ ആദിത്യ സുരേഷ് സെലിബ്രറ്റി ഗായകന്‍ കൂടിയാണ്. സംസ്കൃത പദ്യംചൊല്ലലില്‍ കുമാരസംഭവമാണ് പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന സംസ്ഥാന കലോത്സവങ്ങളിലെല്ലാം മികവ് പുലര്‍ത്തിയ ആദിത്യ മാതാപിതാക്കള്‍ക്കൊപ്പം തനിക്ക് നഷ്ടമായ വേദിയിലെ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ഇത്തവണയും കലോല്‍സവ നഗരിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.