ചീരക്കടവിലെ ആദിവാസി ഭൂമി : പൊലീസ് ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെ.കെ.രമ
text_fieldsതിരുവനന്തപുരം : അട്ടപ്പാടി ചീരക്കടവിലെ ആദിവാസി ഭൂമി സംബന്ധിച്ച് കേസിൽ പൊലീസ് ഇടപെടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ.രമ എം.എൽ.എ റവന്യൂ മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. തിരുവോണദിവസം ചീരക്കടവ് ഊരിലെ ആദിവാസി സ്ത്രീകളെ അഗളി പൊലീസ് സ്റ്റേഷനിൽ വിളിവരുത്തിയെന്ന മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്നാണ് കത്ത് നൽകിയത്.
അട്ടപ്പാടിയിലെ വ്യാപകമായ ഭൂമി കൈയേറ്റം സംബന്ധിച്ച് നിയമസഭയിൽ കെ.കെ.രമ ശ്രദ്ധക്ഷണിക്കൽ അവതിരിപ്പിച്ചിരുന്നു. ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ലാൻഡ് റവന്യൂ കമ്മീഷറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി നിയമസഭക്ക് ഉറപ്പും നൽകി.
ഈ മാസം ആറിന് കെ.കെ.രമ അട്ടപ്പാടിയിലെ വിവിധ ഭൂമി കൈയേറ്റ സ്ഥലങ്ങളിൽ സന്ദർശിച്ചിരുന്നു. നഞ്ചിയമ്മയുടെ നക്കുപതി ഊരിലും ചീരക്കടവിലെ ആദിവാസി ഊരിലും കെ.കെ രമ എത്തി. ഭൂമി കൈയേറ്റം സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞു. പാരമ്പര്യ ഭൂമി കൈയേറാൻ ശ്രമിക്കുന്നതായും കൈയേറ്റക്കാർക്ക് പൊലീസ് കൂട്ടുനിൽക്കുന്നതായും പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായും ആദിവാസികൾ എം.എൽ.എയോട് പറഞ്ഞു.
ചീരക്കടവ് ഊരിലെ മണിയമ്മ, നഞ്ചി എന്നിവരുടെ മുത്തച്ഛനായ ഗാത്തമൂപ്പന്റെ പേരിൽ ഉണ്ടായിരുന്നു 750/1 സർവേ നമ്പരിൽ ഭൂമിയെ സംബന്ധിച്ചാണ് പരാതി. ഹൈക്കോടതിയിൽനിന്ന് ലഭിച്ച ഉത്തരവ് പ്രകാരം 751/1 സർവേ നമ്പരിലെ ഭൂമിയിൽ കൃഷിചെയ്യാനുള്ള ഉത്തരവാണ് കൈയേറ്റക്കാരന് ലഭിച്ചത്. എന്നാൽ ഈ ഉത്തരവിന്റെ പിൻബലത്തിൽ പൊലിസ് സംരക്ഷണയിൽ 750/1 എന്ന സർവേ നമ്പരിലെ ഭൂമി കൈയേറുന്നതിനെ ആദിവാസികൾ എതിർത്തു.
ആദിവാസി ഭൂമി കൈയേറ്റം വാർത്തയായതിനെ തുടർന്ന് വില്ലേജ് ഓഫിസറും തഹസിൽദാരും ചീരക്കടവ് ഊര് സന്ദർശിച്ചിരുന്നു. വില്ലേജ് ഓഫിസറുടെ നിർദേശ പ്രകാരം ഇത് സംബന്ധിച്ച് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് ആദിവാസികൾ പരാതിയും നൽകി. ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നതിന് ആർ.ഡി.ഒ സിറ്റിങ് നടത്തണം. ഭൂമി സംബന്ധിച്ച കേസിൽ ആർ.ഡി.ഒ തീർപ്പു കൽപ്പിക്കുന്നതുവരെ ഈ വിഷയത്തിൽ പൊലീസ് ഇടപെടുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും റവന്യൂ മന്ത്രിക്കും നൽകിയ കത്തിൽ കെ.കെ.രമ ആവശ്യപ്പെട്ടു.
അതേസമയം, അട്ടപ്പാടിയിൽ ഭൂമി സംബന്ധിച്ച കേസുകളിൽ അഗളി പൊലീസ് ഭൂമാഫിയക്കുവേണ്ടി പ്രവർത്തിക്കുവെന്നാണ് ആദിവാസികളുടെ ആരോപണം. പുരുഷന്മാരായ പൊലിസുകാരാണ് ആദിവാസി ഊരുകളിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നത്. ചീരിക്കടവിലെ ആദിവാസി ഊരിലെത്തിയ പൊലീസുകർ സ്ത്രീകളെ ഭീഷണിപ്പെടുന്ന വീഡിയോ നേരത്തെ മാധ്യമം ഓൺലൈൻ പുറത്തവിട്ടിരുന്നു. ആദിവാസികൾക്ക് നീതി ലഭിക്കുന്ന തരത്തിലല്ല പൊലീസ് ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.