ഇ-ഗ്രാന്റ് അട്ടിമറിക്കെതിരെ ആദിവാസി-ദലിത് വിദ്യാർഥികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആദിവാസി-ദലിത് വിദ്യാർഥികളുടെ ഇ-ഗ്രാന്റ് അട്ടിമറിക്കെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ നടത്തി. ധർണ്ണ ഡോ. എൻ.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഗ്രാന്റുകൾ രണ്ടു വർഷത്തോളമായി തടഞ്ഞുവെക്കപ്പെട്ട സാഹചര്യത്തിൽ ആദിവാസി - ദലിത് വിദ്യാഥികളുടെ ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പുത്തൻ വിദ്യാഭ്യാസ പരിഷ്ക്കാരം അടിച്ചേല്പ്പിക്കുന്നതിന്റെ ഭാഗമായി ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമായ വിദ്യാഭ്യാസ അവകാശം ഘട്ടം ഘട്ടമായി എടുത്തുകളയുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ കാര്യത്തിൽ കൈകോർക്കുകയാണെന്നും ഡോ. എൻ.വി. ശശിധരൻ ചൂണ്ടിക്കാട്ടി.
ആദിശക്തി സമ്മർ സ്‌കൂൾ ആക്റ്റിങ് പ്രസിഡന്റ് മണിക്കുട്ടൻ പണിയൻ അധ്യക്ഷത വഹിച്ചു. ഗോത്രമഹാസഭ സ്റ്റേറ്റ് കോഡിനേറ്റർ എം. ഗീതാനന്ദൻ, ഒ.പി. രവീന്ദ്രൻ, സി.എസ്. മുരളി, മാഗ്ലിൻ ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.
ഇ-ഗ്രാൻഡ് വരുമാനപരിധി രണ്ടര ലക്ഷം എന്നത് എടുത്തു കളയുക, വിദ്യാർഥിക്ക് ലഭിക്കേണ്ട എല്ലാ ഗ്രാൻഡുകളും പ്രതിമാസം നൽകുക, ഇ-ഗ്രാൻഡ് കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുക, ഹോസ്റ്റൽ അലവൻസുകൾ ജീവിക്കാൻ അനുയോജ്യമായ നിലയിൽ വർദ്ധിപ്പിക്കുക, വർഷത്തിൽ ഒറ്റ തവണയായി വിദ്യാഭ്യാസ അലവൻസുകൾ കൊടുത്താൽ മതിയെന്ന കേരള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തിയത്. വൈകീട്ട് രാജ്ഭവൻ മാർച്ച് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.