അധികാരികള്‍ കേള്‍ക്കണം, ഈ കുരുന്നുകളുടെ കരച്ചില്‍
text_fieldsകല്‍പറ്റ: ‘‘വിശക്കുമ്പോള്‍ മൂന്ന് കുട്ടികളും വാവിട്ടു കരയും. പണമില്ലെന്നും പൊടി വാങ്ങിയില്ലെന്നും അവരോടു പറയാന്‍ വയ്യല്ലോ. ഞങ്ങളെ അറിയുന്നവരൊക്കെ സഹായിക്കും. കഞ്ഞി കുടിക്കാതെ ഒരുപാടു ദിവസം കഴിഞ്ഞിട്ടുണ്ട്. കൈനീട്ടിയിട്ടായാലും കഴിയുന്നതും ഈ കുഞ്ഞുങ്ങളെ പട്ടിണിക്കിടാതെ നോക്കും’’ -മൂന്നു മക്കളെയും ചേര്‍ത്തുനിര്‍ത്തി ഇതു പറയുമ്പോള്‍ രമ്യക്ക് വാക്കുകളിടറി. ആദിവാസി വിഭാഗക്കാരെ അത്രമേല്‍ പരിപാലിക്കുന്നുവെന്ന് വീമ്പു പറയുന്ന നാട്ടിലാണ് രമ്യയുടെ ഒറ്റ പ്രസവത്തില്‍ ജനിച്ച ധനലക്ഷ്മിയും ധനശിഖയും ധനശ്രീയും അനുഭവിക്കുന്ന ദുരിതം അധികാരികള്‍ അറിയാതെ പോകുന്നത്.
ഡോക്ടര്‍ നിര്‍ദേശിച്ചുനല്‍കുന്ന ബേബി പൗഡറാണ്, ഈ മാസം 16ന് രണ്ടു വയസ്സ് തികയുന്ന കുട്ടികളുടെ വിശപ്പുമാറ്റുന്നത്. മുലപ്പാലിന്‍െറ കുറവു കാരണം മൂന്നുപേരും ഈ പൊടി കലക്കി കുടിച്ചാണ് വളരുന്നത്. വിശക്കുമ്പോള്‍ ഇതു കിട്ടിയില്ലെങ്കില്‍ കുട്ടികള്‍ നിലത്ത് വീണുരുണ്ട് കരയും. ഒരു ടിന്‍ പൗഡറിന് 380 രൂപയാണ് വില. മൂന്നുപേര്‍ക്കും കൂടി പ്രതിദിനം ഒരു ടിന്‍ പൊടി വേണം. മാസം ഇതിനുമാത്രം 10,000ത്തിലധികം രൂപ ആവശ്യമാണ്. അഞ്ചു വയസ്സുവരെ കുട്ടികള്‍ക്ക് ഈ പൊടി കലക്കി നല്‍കാനാണ് ഡോക്ടറുടെ നിര്‍ദേശം. രമ്യയുടെ പിതാവ് ഒലക്കൊല്ലി അങ്ങാടിക്കുന്ന് കൃഷ്ണന്‍ കൂലിപ്പണിയെടുത്തുകിട്ടുന്ന പണം മാത്രമാണ് കുടുംബത്തിന്‍െറ ഏകവരുമാനം. മാസം 3,500 രൂപ വാടകക്കാണ് കൃഷ്ണനും കുടുംബവും നരിക്കുണ്ടിലെ വീട്ടില്‍ താമസിക്കുന്നത്. കൃഷ്ണന്‍െറ ഇളയമകള്‍ രേഷ്മ തിരുനല്‍വേലിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. അവളുടെ പഠനച്ചെലവിനുള്ള പണവും കണ്ടത്തെണം. കൃഷ്ണന്‍െറ ഭാര്യ രാധ നേരത്തേ കൂലിപ്പണിക്ക് പോയിരുന്നെങ്കിലും കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിനാല്‍ വീട്ടില്‍തന്നെ കഴിയുന്നു.
തമിഴ്നാട്ടിലെ അയ്യന്‍കൊല്ലി സ്വദേശിയായ ധനലാലാണ് രമ്യയുടെ ഭര്‍ത്താവ്. വല്ലപ്പോഴും മാത്രമാണ് ധനലാല്‍ ഭാര്യയെയും കുട്ടികളെയും കാണാനത്തെുന്നത്. രമ്യയുടെ മൂത്തമകള്‍ ധനേകക്ക് ഇപ്പോള്‍ നാലുവയസ്സുണ്ട്.
നേരത്തേ, ഇഞ്ചി കൃഷി ചെയ്തിരുന്ന കൃഷ്ണന് വിലത്തകര്‍ച്ചയും കൃഷിനാശവും കാരണം കടംകയറി മേപ്പാടി മാനിവയലിലെ പത്തുസെന്‍റ് സ്ഥലവും കൊച്ചുവീടും വില്‍ക്കേണ്ടിവന്നു. പിന്നീട് അമ്പലവയലിലെ വാടകവീടുകളിലേക്ക് ജീവിതം പറിച്ചുനട്ടു. ഇതിനിടെ, അമ്പലവയല്‍ പോത്തുകെട്ടിയില്‍ പത്തുസെന്‍റ് സ്ഥലം വാങ്ങി. വീടുണ്ടാക്കുന്നതിന് രേഖകള്‍ തയാറാക്കാന്‍ പഞ്ചായത്തില്‍ ചെന്നപ്പോഴാണ്, ചീങ്ങേരി ട്രൈബല്‍ കോളനിവക ഭൂമിയാണെന്നും അതില്‍ വീടുവെക്കാനാകില്ളെന്നും അറിയുന്നത്. സ്ഥലത്തിനായി പണം നല്‍കിയ കാളന്‍ മരിച്ചുപോയതോടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയായി.
ഈ ദുരിതങ്ങള്‍ക്കിടയിലായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രമ്യയുടെ പ്രസവം. ഏഴാം മാസത്തില്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ശരാശരി ഒന്നരകിലോയോളം തൂക്കമാണ് കുട്ടികള്‍ക്കുണ്ടായിരുന്നത്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ഈ തച്ചനാടന്‍ മൂപ്പന്‍ കുടുംബം അധികൃതരുടെ കനിവിനായി മുട്ടാത്ത വാതിലുകളില്ല. ആദിവാസി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ബിജു കാക്കത്തോടിന്‍െറ സഹായത്താല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. വീടുവെക്കാന്‍ ഒരുതുണ്ട് ഭൂമിയാണ് ഈ കുടുംബം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഒപ്പം, രമ്യയുടെ കുരുന്നുകള്‍ക്ക് ഒരുകൈ സഹായവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.