വരമ്പ് ചവിട്ടി നശിപ്പിച്ചെന്ന്; വയലിൽ കളിച്ച ആദിവാസി വിദ്യാർഥികൾക്ക് ക്രൂര മർദനം
text_fieldsപനമരം (വയനാട്): സ്വാതന്ത്ര്യദിനത്തിൽ വയലിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് ആദിവാസി വിദ്യാർഥികൾക്ക് ക്രൂര മർദനം. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചക്കിട്ടപൊയിൽ പണിയ കോളനിയിലെ ഏഴു വയസ്സുള്ള രണ്ടു ആൺകുട്ടികൾക്കും ആറു വയസ്സുള്ള ആൺകുട്ടിക്കുമാണ് ക്രൂര മർദനമേറ്റത്.
വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചെന്നാരോപിച്ച് സമീപത്ത് താമസിക്കുന്നയാളാണ് മർദിച്ചതെന്ന് കുട്ടികൾ മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ കേണിച്ചിറ പൊലീസ് വയൽ ഉടമയും സമീപവാസിയുമായ രാധാകൃഷ്ണനെതിരെ കേസെടുത്തു. എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. തിങ്കളാഴ്ച വൈകീട്ട് പരാതി ലഭിച്ചിട്ടും ചൊവ്വാഴ്ച വൈകീട്ട് വരെയും പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. പ്രശ്നം ഒതുക്കിത്തീർക്കാനുള്ള ശ്രമം നടക്കുന്നതായാണ് ആരോപണം. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ കോളനിക്ക് സമീപമുള്ള വയലിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് സംഭവം. കോളനിയിലെ മൂന്ന് കുടുംബങ്ങളിലെ മൂന്നു കുട്ടികൾക്കാണ് മർദനമേറ്റത്. കളിക്കുന്നതിനിടെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചെന്നാരോപിച്ച് സ്ഥലമുടമ രാധാകൃഷ്ണൻ കുട്ടികളെ വടിയെടുത്ത് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ബന്ധു പറഞ്ഞു. കുട്ടികൾ സമീപത്തെ തോട്ടിൽ മീൻ പിടിച്ചുകളിക്കുകയായിരുന്നുവെന്നും അവരോട് കയറിപ്പോകാൻ പോലും പറയാതെ അടിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
വലിയ ശീമക്കൊന്നയുടെ വടിയെടുത്ത് കുട്ടികളുടെ കാലിലും പുറത്തും തല്ലുകയായിരുന്നു. അടിയേറ്റ മൂന്നു കുട്ടികളുടെയും കാലിലും വയറിന്‍റെ ഭാഗത്തും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ജന്മനാ വാൽവിന് തകരാറുള്ളതും ശസ്ത്രക്രിയ കഴിഞ്ഞതുമായ ആറു വയസ്സുകാരനാണ് കൂടുതൽ പരിക്ക്. ഓടാൻ കഴിയാത്ത അവസ്ഥയിലായിരുന്ന ആറുവയസ്സുകാരന്‍റെ കാലിന് ഉൾപ്പെടെ മുറിവേറ്റിട്ടുണ്ട്. കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കൾ കുട്ടികളെ പനമരം ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയശേഷം കോളനിയിലേക്ക് മടങ്ങി. തുടർന്ന് കോളനിയിലുള്ളവർ കേണിച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂൾ അധികൃതർ ബാലാവകാശ കമീഷനും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.