തലശ്ശേരി ജനറൽ ആശുപത്രിയിൽ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചു
text_fieldsതലേശ്ശരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച ആദിവാസി യുവാവിെൻറ മൃതദേഹം ഏഴ് മണിക്കൂറോളം വാർഡിൽ കിടത്തിയത് വിവാദമായി. ഇരിട്ടി കൂട്ടുപുഴക്കടുത്ത പേരട്ട നരിമട കോളനിയിൽ താമസിക്കുന്ന രാജുവാണ് (42) ബുധനാഴ്ച പുലർച്ചെ അഞ്ചിന് മരിച്ചത്. എന്നാൽ, ഉച്ച 12 വരെ ആശുപത്രി അധികൃതരാരും മൃതദേഹം തിരിഞ്ഞുനോക്കിയില്ല.
വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് ആശുപത്രി സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും വികസനസമിതി അംഗങ്ങളിൽ ചിലരും വാർഡിലെത്തിയത്. എന്നാൽ, രാജുവിെൻറ ഭാര്യ സീമയോട് കാര്യങ്ങൾ ചോദിച്ചറിയാതെ ധൃതിപിടിച്ച് മൃതദേഹം ആംബുലൻസിൽ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നു. മതിയായ ചികിത്സ കിട്ടാതെയാണ് രാജു മരിച്ചതെന്ന് ഭാര്യ സീമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, ബന്ധുക്കൾക്ക് പരാതിയില്ലെന്ന് പറഞ്ഞ് നടപടികളൊന്നും പൂർത്തിയാക്കാതെ തിരക്കിട്ട് മൃതദേഹം ആംബുലൻസിൽ കയറ്റുകയായിരുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് രാജുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരിട്ടി ഗവ. ആശുപത്രിയില്‍ കാണിച്ചശേഷം നില ഗുരുതരമായതിനാലാണ് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുവരെ ഡോക്ടര്‍മാർ തിരിഞ്ഞുനോക്കിയില്ലെന്ന് സീമ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇളയമകന് മൂന്നുവയസ്സുള്ള രാംദേവിനൊപ്പമാണ് സീമ രാജുവിനെയുംകൊണ്ട് ജനറൽ ആശുപത്രിയിലെത്തിയത്. ആദിവാസി വിഭാഗത്തിനുള്ള പ്രത്യേക ചികിത്സാ പരിഗണനയൊന്നും രാജുവിന് ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മരിച്ച വിവരം പുരുഷന്മാരുടെ മെഡിക്കൽ വാർഡിൽ ഡ്യൂട്ടിയിലുള്ള നഴ്സുമാരുൾപ്പെടെയുള്ളവർ അറിഞ്ഞിട്ടും ഉച്ച 12 വരെ മൃതദേഹം 14ാം നമ്പർ ബെഡില്‍ കിടക്കുകയായിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് വി.കെ. രാജീവെൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് പിയൂഷ് നമ്പൂതിരിപ്പാട് അറിയിച്ചു. മന്ത്രി എ.കെ. ബാലൻ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. മീര, രഞ്ജിത്ത് എന്നിവരാണ് മരിച്ച രാജുവിെൻറ മറ്റു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.